അല്‍ ഫാതിഹ 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ١
വേദം അവതീര്‍ണ്ണമായ മാസമാണ് റമളാന്‍. വേദം പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വിശ്വാസികളുടെ ദിനചര്യയുടെ ഭാഗമായിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാനുള്ള ,പഠിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള അവസരമായി റമളാനിനെ വിനിയോഗിക്കുക എന്നത് വിശ്വാസികളുടെ ആഗ്രഹവും ധര്‍മ്മവും ആയിരിക്കണം.
ദൈവീക ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്. അവയുടെ ആശയങ്ങള്‍ അവികലമായി ദൈവിക സംരക്ഷണത്തിലും ആയിരിക്കും. കടലാസുകൊണ്ടുള്ള, അക്ഷരനിബിഢമായ ഗ്രന്ഥങ്ങളല്ല ,യഥാര്‍ത്ഥ ഗ്രന്ഥമെന്നും മാനുഷിക സംസ്കൃതിക്കുള്ള മാര്‍ഗ്ഗരേഖകളുടെ വിന്യാസമാണ് വേദമെന്നും തിരിച്ചറിയേണ്ടതുണ്ട്. ദൈവപ്രോക്തമായ സകലവേദ ആശയങ്ങളും നാം ഉള്‍കൊള്ളേണ്ടതാണ്.
ഖുര്‍ആന്‍ വായനക്കും പഠനത്തിനും മനനത്തിനും നല്‍കിയ പ്രാധാന്യം മനസിലാക്കി വേദപഠനം പ്രയോഗവല്‍ക്കരിക്കേണ്ടതാണ്. ഒരോ വേദവാക്യങ്ങളും അത് വായിക്കുന്ന അനുവാചകനുമായുള്ള ദൈവിക സംവാദമാണ്.
അത് വേദഭാഷാ നിപുണിയുള്ള വായനക്കാര്‍ക്കാണ് കൂടുതല്‍ ആസ്വാദ്യകരമാവുക.
മുന്‍വിധികള്‍ മാറ്റിവെച്ചായിരിക്കണം വേദത്തെ സമീപിക്കേണ്ടത്. പാരമ്പര്യമായി മനസിലാക്കപ്പെട്ട പല ആശയങ്ങളും നിഗമനങ്ങളും തകര്‍ന്നേക്കാം. ആചാരങ്ങളും അനുഷ്ഠാനങ്ങളും പുണ്യമെന്ന് കരുതുന്ന പലതും വേദപശ്ചാത്തലത്തില്‍ അനാചാരങ്ങളും അത്യാചാരങ്ങളും വികലവിശ്വാസങ്ങളും ആയി പരിണമിക്കാം. അതില്‍ ഭയപ്പാടിന്‍റെ ആവശ്യമേയില്ല, എന്നാല്‍ സൂക്ഷ്മത അനിവാര്യവുമാണ്.
ഖുര്‍ ആന്‍ ഖുര്‍ആനികമായി പഠിക്കുകയാണ് പ്രാഥമിക മാര്‍ഗ്ഗം. വേദസാരത്തോട് സമരസപ്പെടുന്ന ഏത് ആശയവും സമന്വയിപ്പിച്ച് വായിക്കാം. അവനവന്‍ പഠിച്ചതും മനസിലാക്കിയതും മാത്രമാണ് ശരിയെന്ന ധാരണ യാഥാര്‍ത്ഥ്യബോധ്യമുള്ളവര്‍ക്ക് കരണീയമല്ല.
ബോധ്യമായ സത്യം പറയുക, അത് ബോധ്യമുള്ളവര്‍ ഉള്‍കൊള്ളട്ടെ എന്ന സോദ്ദേശ ചിന്തമാത്രമേ പ്രബോധകന് ഉണ്ടാകാന്‍ പാടുള്ളൂ.
അപ്രകാരം തന്നെ വിമര്‍ശനവും വിയോജിപ്പും രേഖപ്പെടുത്തുന്നതും മാന്യമായിട്ടായിരിക്കണം .
അപ്പോള്‍ മാത്രമേ സ്വതന്ത്ര പഠനം എന്ന ലക്ഷ്യ സാക്ഷാത്കാരം സാധ്യമാവുകയുള്ളൂ.
ഖുര്‍ ആന്‍ പ്രവാചകനാണ് അവതീര്‍ണ്ണമായത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും വിപാടനം ചെയ്യുന്നതിനും മാനുഷ്യകത്തെ സംസ്കരിക്കുന്നതിനും വേണ്ടി. അറബി ഭാഷയില്‍ അഥവാ ഋജുവായ ബോധനശൈലിയില്‍. അതിലുള്ള ഓരോ അക്ഷരങ്ങളും ആശയസമ്പുഷ്ടമാണ്. പദങ്ങള്‍ വൈവിധ്യമാര്‍ന്ന അര്‍ത്ഥങ്ങളും ആശയങ്ങളാലും നിബിഢവുമാണ്. ആകെ 6234 വേദസൂക്തങ്ങളാണ് ഉള്ളത്. അത് 114 അദ്ധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്നു. ശാസ്ത്രവും രാഷ്ട്രീയവും ചരിത്രവും കഥാകഥനങ്ങളും ഉപമകളും സരോപദേശങ്ങളും കര്‍മ്മശാസ്ത്ര നിബന്ധനകളും നിര്‍ദ്ദേശങ്ങളും കൊണ്ട് മാനുഷിക സംസ്കൃതി സുസാധ്യമാക്കുന്ന ഉല്‍ബോധന ഗ്രന്ഥം.
ദൈവീക ഗ്രന്ഥത്തിലെ പ്രഥമ അദ്ധ്യായമാണ് അല്‍-ഫാത്വിഹ. അതിന്‍റെ ഉള്ളടക്കവും ആശയങ്ങളും യഥാവിധി പഠിക്കുവാനുള്ള ശ്രമം നാഥാ നീ വിജയിപ്പിക്കേണമേ..
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!