അല്‍ ഫാതിഹ 10
അല്‍ ഫാത്വിഹ: 10
🔅▪️▪️▪️🔅▪️▪️▪️🔅
2️⃣ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ٢
(നിഖില സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്‍ലാഹുവിനാണ്)
അല്‍ ഫാത്വിഹയിലെ രണ്ടാം വചനമായ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ(സര്‍വ്വ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്‍ലാഹുവിനാണ്) എന്നതില്‍ حَمْد ,رَبّ,عَٰلَم എന്നീ മൂന്ന് വാക്കുകളാണ് ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യാനുള്ളത്. ഒന്നാം പദമായ ٱلْحَمْد -അല്‍ ഹംദു, ح-م-د എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായതും അഞ്ച് രൂപങ്ങളില്‍ 63 തവണ ആവര്‍ത്തിതമായതുമാണ്. സ്തുതി എന്നാണ് അടിസ്ഥാന അര്‍ത്ഥം.
ഇത് വളരെ ലളിതവും സംക്ഷിപ്തവുമായ ഭാഷാന്തരമാണ്. വാസ്തവത്തിൽ, حَمْد(ഹംദ്) ലഭ്യമായ അനുഗ്രഹങ്ങള്‍ക്കും സഹായങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്ന ,
ആഴത്തിലുള്ളതും തീവ്രവുമായ വികാരത്തിന്റെ പ്രകടനമാണ്. ആപത്തില്‍ നിന്നോ അപകടത്തില്‍ നിന്നോ പ്രതിസന്ധികളില്‍ നിന്നോ രക്ഷിച്ചതിന് നല്‍കുന്ന അഭിനന്ദനമാണ് حَمْد.
അല്‍ലാഹുവിന്‍റെ വിശിഷ്ട സത്താഗുണങ്ങളില്‍ പെട്ട നാമവിശേഷണമാണ് ٱلْحَمِيد(അല്‍ ഹമീദ്)
▪️لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ
ആകാശഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.
22-Al-Hajj : 64
അതുപോലെ ദൈവത്തിന്‍റെ യഥാര്‍ത്ഥ ദാസന്മാരായ വിശ്വാസികളെ ٱلْحَٰمِدُونَ എന്ന് 9/112 ല്‍ വിശേഷിപ്പിച്ചതായി കാണാം. ദൈവീക വേദശാസനകളെ കൃത്യമായി അനുധാവനം ചെയ്യുന്നവരുടെ, പ്രാര്‍ത്ഥനയില്‍ മുഴുകുന്നവരുടെ സ്ഥാനം വ്യക്തമാക്കുന്ന 17/79 ല്‍ مَقَامًا مَّحْمُودًا സ്തുത്യര്‍ഹമായ സ്ഥാനമെന്ന് വിശേഷിപ്പിച്ചതും പ്രവാചകന്‍റെ പേര് തന്നെ സര്‍വ്വാത്മനാ സ്തുതികീര്‍ത്തനങ്ങളില്‍ ആമഗ്നമായവന്‍ എന്ന അര്‍ത്ഥത്തില്‍ مُّحَمَّدٌ رَّسُولُ ٱللَّهِ എന്ന് വന്നതും ചിന്തോദ്ദീപകമാണ്.
എന്തുകൊണ്ട് അല്‍ലാഹുവിനെ സ്തുതിക്കണം എന്ന ചോദ്യത്തിന് ,അവനാണ് ഈ ലോകത്ത് ജീവിക്കുന്നതിന് അനിവാര്യമായ സകല ഭൗതീക സാഹചര്യങ്ങളും സജ്ജീകരിച്ച് തന്നവന്‍, അതുപോലെ മാനസീക സംസ്കരണത്തിനും പരലോക മോക്ഷത്തിനും അനുഗുണമായ ജീവിതശൈലി ആര്‍ജ്ജിക്കുന്നതിന് വേദങ്ങളിലൂടെ മര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയവന്‍.
▪️ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ
അല്ലാഹുവിന് സ്തുതി. തന്റെ ദാസന്ന് വേദപുസ്തകം ഇറക്കിക്കൊടുത്തവന്‍. അതിലൊരു വക്രതയും വരുത്താത്തവനും.18 : 1
ഇങ്ങിനെ ജീവിതമാര്‍ഗ്ഗം സുരക്ഷിതമാക്കിയ അല്‍ലാഹുവിന് മാത്രമാണ് സര്‍വ്വസ്തുതിയും.
▪️وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْءَاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. കല്‍പനാധികാരവും അവനുതന്നെ. നിങ്ങളൊക്കെ മടങ്ങിച്ചെല്ലുക അവങ്കലേക്കാണ്. 28 : 70
ഇഹലോകത്തും പരലോകത്തും സ്വാസ്ഥ്യം നല്‍കുന്നവന്‍ അല്‍ലാഹു മാത്രമാണ്. അതിനാല്‍ ആത്യന്തികവും നിസ്തൂലവുമായ സ്തുതിക്ക് അര്‍ഹന്‍ അല്‍ലാഹു മാത്രമാണ്.
▪️يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا
അവന്‍ നിങ്ങളെ വിളിക്കുകയും നിങ്ങള്‍ അവനെ സ്തുതിച്ചുകൊണ്ട് ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. അപ്പോള്‍ അല്‍പകാലം മാത്രമേ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂവെന്ന് നിങ്ങള്‍ക്കു തോന്നും. 17 : 52
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!