Quran

അല്‍ ഫാതിഹ 12

F
Fasalullah Hussain
Published on June 13, 2026


(നിഖിലസ്തുതിയും  സര്‍വ്വലോകരക്ഷിതാവായ അല്‍ലാഹുവിനാണ്.)

2️⃣ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ٢۝

അല്‍ലാഹുവിന്‍റെ അതിവിശിഷ്ടമായ മറ്റൊരു സത്താഗുണമാണ് رَبّ(റബ്ബ്) എന്നത്. 980 തവണ നാല് രൂപങ്ങളില്‍ ر-ب-ب എന്ന പദങ്ങളില്‍ 975 തവണയും رَبّ എന്ന രീതിയില്‍ ആണ് വന്നിട്ടുള്ളത്.

ഭാഷാപരമായി رَبٌ(റബ്ബ്) എന്നാൽ വളർത്തുക അല്ലെങ്കിൽ വികസിപ്പിക്കുക എന്നാണ് അര്‍ത്ഥം. സര്‍വ്വ ചരാചരങ്ങളുടേയും വിശിഷ്യ മനുഷ്യരുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചക്ക് നിദാനമാകുന്നത് ആരാണോ,അല്ലെങ്കില്‍ ,എന്താണോ അതാണ് رَبٌ. ഈ പോഷണ രീതിയെയാണ് ربوبیت (റബൂബിയത്ത്) എന്ന് വിളിക്കുന്നത്. പരിപോഷണത്തിനും വളര്‍ച്ചക്കും സംരക്ഷണവും സുരക്ഷാബോധവും അനിവാര്യമാണ്. അതിന് നിദാനം വേദജ്ഞാനം ആര്‍ജ്ജിക്കലും അത് പകര്‍ന്ന് നല്‍കലുമാണ്. അതായത് വ്യക്തിത്വവികാസത്തിന്‍റെ അടിസ്ഥാനം വേദജ്ഞാനമാണ്.

റബ്ബ് (رَبّ) എന്നത് അല്‍ലാഹുവിന്‍റെ വിശിഷ്ടനാമവും സത്താഗുണവും ആണെങ്കിലും ഖുര്‍ ആന്‍ ചില സൂക്തങ്ങളില്‍ പ്രാഥമിക അര്‍ത്ഥതലത്തില്‍ പ്രയോഗിച്ചതായി കാണാം. 

▪️مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَٰكِن كُونُوا۟ رَبَّٰنِيِّۦنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَٰبَ وَبِمَا كُنتُمْ تَدْرُسُونَ
ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും തത്ത്വജ്ഞാനവും ‎പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് ‎‎“നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം ‎എന്റെ അടിമകളാവുക" എന്ന് പറയുക; ഇത് ഒരു ‎മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് ‎അയാള്‍ പറയുക “നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും ‎പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിത്വവികാസം പ്രാപിച്ചവരാകുക'' (നിഷ്കളങ്കഭക്തരാവുക") എന്നായിരിക്കും. ‎
3-Al Imran : 79

ഇവിടെ كُونُوا۟ رَبَّٰنِيِّۦنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَٰبَ وَبِمَا كُنتُمْ تَدْرُسُونَ 
 (നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും ‎പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിത്വവികാസം പ്രാപിച്ചവരാകുക) എന്ന പ്രയോഗത്തിലൂടെ വ്യക്തികള്‍ പരസ്പരം അടിമകളാക്കരുതെന്നും എല്ലാവരും സര്‍വ്വതന്ത്ര സ്വതന്ത്രരായ വ്യക്തിത്വത്തിന്‍റെ ഉടമകളായി പരിവര്‍ത്തിതമാക്കലാണ് വേദലക്ഷ്യമെന്നും പ്രഖ്യാപിക്കുകയാണ്. ഇത് അല്‍ലാഹുവിന്‍റെ رُبُوبِیَت (റുബൂബിയ:) രക്ഷാധികാരത്തിന്‍റെ പരിപൂര്‍ണ്ണത ബോധ്യമാക്കലാണ്. رَبٌّ (റബ്ബ്) എന്നതിന്റെ അർത്ഥം, വളർത്തുന്നവൻ എന്ന നിലയിൽ മേൽപ്പറഞ്ഞ വിഷയം വ്യക്തത നല്‍കുന്നു. എന്തെങ്കിലും ഒരുകാര്യം  പൂർത്തിയാക്കുന്നവൻ, സമഗ്രത നല്‍കുന്നവന്‍ ക്രമീകരിക്കുന്നവൻ, മെച്ചപ്പെടുത്തുന്നവൻ,സുരക്ഷിതമാക്കുന്നവന്‍ എന്നാണതിന്റെ അർത്ഥം. ഇത്الْ പ്രത്യയം ചേര്‍ത്ത് വിശേഷിപ്പിച്ച് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ഒരു സൃഷ്ടിയായ വ്യക്തിയെ رِبِّیٌّ (റബ്ബിയി) എന്നും  അതിന്റെ ബഹുവചനമായ رَبِّیُّوْنَ എന്ന്  3:145 ല്‍ വന്നതായും കാണാം. ഇവിടെയും വേദജ്ഞാനത്താല്‍ സൂക്ഷ്മതയും  വ്യക്തിത്വവികാസവും ആര്‍ജ്ജിച്ചവര്‍ എന്ന അര്‍ത്ഥത്തിലാണ്.

മാനവോല്‍പത്തിയുടെ പ്രാരംഭദശയില്‍ മനുഷ്യരഖിലവും  അല്‍ലാഹുവുമായി സമ്മതിച്ച കരാര്‍ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ (ഞാന്‍ നിങ്ങളുടെ വിധാതാവല്ലയോ ! പ്രതിവചിച്ചു അതെ,സാക്ഷീകരിക്കുകയും ചെയ്യുന്നു -7/ 172) എന്നാണ്. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും സര്‍വ്വോന്മുഖ വികാസം പ്രദാനം ചെയ്തുതരുവാന്‍ കെല്‍പുള്ളവവനാണെന്നതിനാണ് സാക്ഷ്യം. അതുപോലെ വേദപരിസമാപ്തിയില്‍ മനുഷ്യര്‍ അഭയാര്‍ത്ഥന നടത്തുന്ന രീതികളില്‍ ഒന്ന്  أَعُوذُ بِرَبِّ ٱلنَّاس മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.(114/1) എന്നാണ്.
അതുപോലെ ഖുര്‍ ആനിക പ്രാര്‍ത്ഥനാശൈലി പഠനവിധേയമാക്കിയാല്‍ رَبَّنَا (ഞങ്ങളുടെ നാഥാ ..) എന്ന് ഏകദേശം തൊണ്ണൂറ്റിആറ് തവണ കാണാം. അതുപോലെ رَبّٖي(എന്‍റെ നാഥാ) എന്നിങ്ങനെയും കാണാം. അല്‍ലാഹു വിന്‍റെ മറ്റൊരു സത്താഗുണവും ഈ രീതിയില്‍ ഇത്രയധികം തവണ ആവര്‍ത്തിതമായി കാണുകയുമില്ല.

 എന്തായാലും ഖുർആനിന്‍റെ  പ്രാരംഭമായ ഫാത്വിഹ:യിലെ اَلْحَمْدُ لِلَّٰهِ رَبِّ الْعَالَمِیینَ പ്രപഞ്ചത്തിലെ എല്ലാ ഉല്‍കൃഷ്ടമായ വസ്തുക്കളും വസ്തുതകളും മനുഷ്യന്‍റെ മാനസികവും ശാരീരികവും ആത്മീയവും മാനവികവുമായ വളര്‍ച്ചയുടെ,വികാസത്തിന്‍റെ  ദാതാവിനുള്ള  സ്തുതിയുടെ പ്രതിഫലനമാണ്.
(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!