Quran

അല്‍ ഫാതിഹ 13

F
Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 13
▪️▪️▫️🔅▫️🔅▫️▪️▪️

2️⃣ اَلْحَمْدُ لِلّٰهِ رَبِّ الْعَالَمِیْنَ ٢۝
(നിഖിലസ്തുതിയും സര്‍വ്വലോകരക്ഷിതാവായ അല്‍ലാഹുവിനാണ്.)

പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ദൈവീക നടപടിയാണെന്നതിന്‍റെ  സാക്ഷ്യം കൂടിയാണ് ഈ വചനം. ഉദാഹരണമായി  ഒരു വിത്ത്, പ്രകൃതിപരമായ  പരിപോഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഫലപ്രാപ്തിയിലെത്തുന്നു. ഇതാണ് ദൈവത്തിന്റെ സംരക്ഷണസമ്പ്രദായം അഥവാ (റുബൂബിയ്യ: الرُبُوبِيّ)

 അല്ലാഹു സ്തുത്യർഹനാണ്, കാരണം അവൻ മാനുഷ്യകത്തിന്‍റെ  നിലനില്‍പിന് ആധാരമായ സകലതും  പരിപോഷിപ്പിക്കുന്നു.

ദൈവത്തിന്റെ ഈ പരിപോഷണാത്മക  ഉപജീവന സമ്പ്രദായം ആന്തരികവും ബാഹ്യവുമായ പ്രപഞ്ചത്തിൽ അനുസ്യൂതം   പ്രവർത്തിക്കുന്നത് പോലെ, മനുഷ്യർ അവന്റെ വളര്‍ച്ചയുടേയും വികാസത്തിന്‍റെയും പ്രതിഫലനം വ്യക്തി തലത്തിലും  സാമൂഹികതലത്തിലും പ്രാവര്‍ത്തികമാക്കുകയും സംസ്ഥാപിക്കുകയും വേണം. അതുകൊണ്ടാണ് ഖുര്‍ ആന്‍ വേദനിഷ്ഠ പാലിക്കുന്നവരെ റബ്ബാനീയ് എന്ന് വിശേഷിപ്പിക്കുന്നത്.

പ്രവാചകന്‍ യൂസുഫിന്‍റെ ചരിത്ര വിശകലനത്തില്‍ ٱذْكُرْنِى عِندَ رَبِّكَ (നിങ്ങളുടെ യജമാനരോട് എന്നെക്കുറിച്ച് ഉണര്‍ത്തുക) എന്നതില്‍ رَبِّكَ എന്ന പ്രയോഗത്തിന്‍റെ വിശകലനം പാരമ്പര്യതലത്തില്‍ നല്‍കപ്പെടുന്നത് ഭരണകര്‍ത്താവ്, യജമാനന്‍ എന്നീ തലങ്ങളിലാണ്. എന്നാല്‍ യഥാര്‍ത്ഥ വിധാതാവായ അല്‍ലാഹു ആണെന്നും സാത്വികനായ നീ, ദൈവത്തോടുള്ള, നിന്‍റെ  പ്രാര്‍ത്ഥനയില്‍ എന്‍റെ  വിഷയം കൂടി ഉള്‍പ്പെടുത്തുക എന്ന വിശകലന സാധ്യത കൂടിയുണ്ട്.
▪️وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ
അവരിരുവരില്‍ രക്ഷപ്പെടുമെന്ന് താന്‍ കരുതിയ ആളോട് യൂസുഫ് പറഞ്ഞു: "നീ നിന്റെ 'റബ്ബി'നോട് എന്നെപ്പറ്റി പറയുക.” എങ്കിലും 'റബ്ബി'നോട് അതേക്കുറിച്ച് പറയുന്ന കാര്യം പിശാച് അയാളെ മറപ്പിച്ചു. അതിനാല്‍ യൂസുഫ് ഏതാനും കൊല്ലം ജയിലില്‍ കഴിഞ്ഞു.
12-Yusuf : 42.

എന്തായാലും ഇവിടെ  റബ്ബ് എന്നതിന്‍റെ സൂചന വിധാതാവായ അല്‍ലാഹു ആയാലാണ്  പരിമിതാര്‍ത്ഥത്തിലുള്ള  അദ്ദേഹത്തിന്‍റെ യജമാനനെന്നതിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടിയും വേദലക്ഷ്യസാക്ഷാത്കാരവും പൂര്‍ത്തിയാവുക. പരിമിതാര്‍ത്ഥത്തില്‍ ഖുര്‍ ആന്‍ ഉപയോഗിച്ചതായി  മനസിലാക്കുന്നതില്‍ തെറ്റില്ലെന്നും ഉണര്‍ത്തുന്നു.

 മാനവികതയുടെ ഒളിഞ്ഞിരിക്കുന്ന എല്ലാ കഴിവുകളും തഴച്ചുവളരുകയും അവയുടെ പൂർത്തീകരണത്തിലോ ഉന്നതിയിലോ എത്തുകയും ചെയ്യുന്നത് യഥാര്‍ത്ഥ റബ്ബിനെ തിരിച്ചറിഞ്ഞ് ഉള്‍കൊള്ളുമ്പോഴാണ്.  ഖുർആനിക നിയമക്രമം പിന്തുടരുകയും അത്  സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഒരുവിധത്തില്‍ റുബൂബിയത്ത്. എല്ലാ ഖുർആനിക അധ്യാപനങ്ങളുടെയും അടിസ്ഥാനവും ലക്ഷ്യവും ഇതാണ്. അതിന് വിരുദ്ധമായ പൈശാചിക നടപടികള്‍ തടയുക എന്നതും ٱلرَّبَّٰنِيُّون എന്ന വേദപണ്ഡിത ധര്‍മ്മമാണ്.
▪️لَوْلَا يَنْهَىٰهُمُ ٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ
അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്മാരും പണ്ഡിതന്മാരും തടയാത്തതെന്ത്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
5-Al-Ma'ida : 63

 ഇതിൽ മനുഷ്യന്റെ ശാരീരിക അസ്തിത്വം മാത്രമല്ല, അവന്‍റെ  വ്യക്തിത്വവും ഉൾപ്പെടുന്നതിനാൽ, ഓരോ വ്യക്തിയുടെയും നിഖിലമേഖലകളിലുമുള്ള ,അവന്റെ കഴിവുകളുടെ വികാസത്തിനും ഒരുപോലെ സഹായകമായ ഒരു സംവിധാനം സ്ഥാപിക്കുക എന്നത് പണ്ഡിതസമൂഹത്തിന്‍റെ  കടമയാണ്. ഇന്നുള്ള ഭൗതീക പ്രമത്തതയുള്ള  പണ്ഡിതന്മാരെ കുറിച്ചല്ല വേദം ٱلرَّبَّٰنِيُّون എന്ന് പ്രയോഗിച്ചതെന്നും തിരിച്ചറിയുക.

അല്‍ലാഹു എന്തുകൊണ്ട് റബ്ബാകുന്നു?  എന്നതും യഥാര്‍ത്ഥ റുബൂബിയ: (الرُبُوبِيّ) എന്താണെന്നതും  ബോധ്യമാക്കുക എന്നതാണ് വിശകലനലക്ഷ്യം.
എന്തായാലും യഥാര്‍ത്ഥ  വിധാതാവും സംരക്ഷകനും സകല വിധത്തിലുള്ള വികാസത്തിന്‍റെ കര്‍ത്താവും ദാതാവും അല്‍ലാഹു മാത്രമാണെന്ന ബോധ്യത്തിലായിരിക്കണം (റബ്ബിനെ തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം) اَلْحَمْدُ لِلّه (സര്‍വ്വസ്തുതിയും സര്‍വ്വേശ്വരന്) എന്ന ആപ്തവാക്യം ഘോഷിക്കാന്‍.
(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!