Quran

അല്‍ ഫാതിഹ 15

F
Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 15
▪️🔅🔅▪️🔅▪️🔅🔅▪️

3️⃣ ٱلرَّحْمَٰنِ ٱلرَّحِيمِ ٣۝
(കരുണാമയന്‍,കരുണാവാരിധി )

ദൈവിക കാരുണ്യം സകലചരാചരങ്ങളിലും വര്‍ഷിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിപ്പ് തന്നെ കാരുണ്യത്തില്‍ അധിഷ്ടിതമാണ്‌.
മണ്ണും മഴയും വായും വെള്ളവും അനുഗ്രഹമാണ്. 
ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ നിര്‍ലോഭം സംവിധാനിച്ചവന്‍ കാരുണ്യവാനാണ്.അങ്ങിനെ ഈ ഭൂമിയില്‍ നിലനില്‍പിന് ആധാരവും അടിസ്ഥാനവുമായ ജൈവീകവുംഭൗതീകവുമായ സാഹചര്യങ്ങള്‍ ഒരുക്കിത്തന്നവന്‍ കരുണാമയനാണ്.

ഖുര്‍ ആന്‍ പ്രഥമവചനത്തിലും മൂന്നാം വചനത്തിലും ആവര്‍ത്തിച്ച്  ഉപയോഗിച്ച ഒരേ ധാതുവില്‍ നിന്നുള്ള രണ്ട് പദങ്ങളായ ٱلرَّحْمَٰن ഉം (കരുണാമയന്‍) ٱلرَّحِيم മും (കരുണാവാരിധി) . 
ഇവ ഒരേ അര്‍ത്ഥതലങ്ങളുടെ ആവര്‍ത്തനമായിരിക്കില്ല എന്നത് സ്പഷ്ടമാണ്.
കരുണാമയന്‍ (‍ٱلرَّحْمَٰن)
എന്നത് കാരുണ്യ
ദാതാവായ ദൈവനാമാണ്.  നിര്‍ലോഭവും നിഷ്കാമവുമായി ലഭിക്കുന്ന കാരുണ്യ പ്രവാഹത്തെ സൂചിപ്പിക്കാനാണ് റഹ്മാന്‍ എന്ന പദം ഉപയോഗിക്കുന്നത്. ശ്വാസിക്കാനാവശ്യമായ വായു നാം ആവശ്യപ്പെട്ടിട്ട് ലഭിക്കുന്നതല്ല.അതിന്‍റെ അളവും മൂല്യവും ആരും  ക്ലിപ്തപ്പെടുത്തി സ്വീകരിക്കുന്നതുമല്ല. അനുസ്യൂതം ദൈവം എല്ലാ ജീവജാലങ്ങള്‍ക്കും  കനിഞ്ഞു നല്‍കുന്നതാണ്.  എന്നാല്‍ ഭക്ഷണം സ്വീകരിക്കുന്നതില്‍ ചില നിബന്ധനകള്‍ ഓരോ ജീവിക്കും സ്വയമേവയുണ്ട്. അത്തരം വിഷയങ്ങളിലും ദൈവീക കാരുണ്യം ദര്‍ശിക്കാനാകും. അത്തരം സോപാധികമായ കാരുണ്യം പ്രദാനം ചെയ്യുന്ന ദൈവീക വിശേഷണ നാമമാണ് ٱلرَّحِيم. മുഴുവന്‍ കാരുണ്യവും ദൈവത്തില്‍ നിക്ഷിപ്തമാണെങ്കിലും رَحِيمٌഎന്നതിനെ ദൈവേതരമായ  വിശേഷണമായും വേദം പ്രയോഗിച്ചതായി കാണാം. ഉദാഹരണത്തിന്,
അല്ലാഹുവിന്റെ الرَّحِيمٌ എന്ന  സത്താഗുണനാമത്തെ സംബന്ധിച്ച പഠനത്തില്‍ رَحِيمٌ എന്ന
പ്രയോഗം അല്‍ലാഹു പ്രവാചകനെ വിശേഷിപ്പിക്കുന്നതിനും ഉപയോഗിച്ചതായി കാണാം.  അല്ലാഹു പറഞ്ഞു.
▪️لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
(തീർച്ചയായും, നിങ്ങളിൽ നിന്നുതന്നെ (അതായത്, നിങ്ങൾക്ക് നന്നായി അറിയാവുന്ന) ഒരു ദൂതൻ (മുഹമ്മദ്) നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും പരിക്കോ ബുദ്ധിമുട്ടോ ഉണ്ടാകുന്നത് അവനെ ദുഃഖിപ്പിക്കുന്നു. അവൻ (മുഹമ്മദ്) നിങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാണ്. സത്യവിശ്വാസികൾക്ക് (അദ്ദേഹം) ദയാലുവും കരുണയുള്ളവനും റഹീമും ആണ്. (9:128)

അല്ലാഹു അവന്റെ മറ്റു ചില പേരുകൾ (സത്താഗുണങ്ങള്‍) ഉപയോഗിച്ച് അവന്റെ സൃഷ്ടികളിൽ ചിലത് വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 76:2 ല്‍ അല്ലാഹു പറഞ്ഞു.
▪️اِنَّا خَلَقۡنَا الۡاِنۡسَانَ مِنۡ نُّطۡفَةٍ اَمۡشَاجٍۖ نَّبۡتَلِيۡهِ فَجَعَلۡنٰهُ سَمِيۡعًۢا بَصِيۡرًا‏ 
തീർച്ചയായും, സമ്മിശ്ര ബീജത്തിൽ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു, അതിനാൽ അവനെ നാം കേൾക്കുന്നവനും(سَمِيۡعًۢا) ഉള്‍കാഴ്ചയുള്ളവനും (بَصِيۡرً) ആക്കി (76:2). 
ഇതിലെ سَمِيۡع ഉം بَصِيۡر ഉം ദൈവീക സത്താഗുണങ്ങള്‍ കൂടിയാണ്!.
 
 അള്ളാഹുവിനെ കൂടാതെ മറ്റുള്ളവയുടെ പേരുകളായി ഉപയോഗിക്കുന്ന അല്‍ലാഹുവിന്റെ സത്താഗുണങ്ങളില്‍  നിരവധി പേരുകൾ വേറെയുമുണ്ട്. എന്നാല് ‍اَللّٰه അല്‍ലാഹു, അർ-റഹ്മാൻ, الرَّحمٰان അൽ-ഖാലിഖ് الخَٰلِق  (സ്രഷ്ടാവ്), അർ-റാസിഖ് الرّٰزِق (പരിപാലകൻ) എന്നിങ്ങനെയുള്ള ചില അല്ലാഹുവിന്റെ സത്താഗുണനാമങ്ങൾ അല്ലാഹുവിന് മാത്രമുള്ളതാണെന്നും ഓര്‍ക്കുക.

വേദപഠനം വ്യക്ത്യാധിഷ്ഠിതമാണ്. വേദം എല്ലാവര്‍ക്കും സ്വാംശീകരിക്കാം. എന്നാല്‍ അതിന്‍റെ ഗുണഫലം എല്ലാവരും സ്വായത്തമാക്കുന്നില്ല. ▪️ ٱلرَّحْمَٰنُ▪️عَلَّمَ ٱلْقُرْءَانَ ▫️പരമകാരുണികന്‍. അവന്‍ ഖുര്‍ആന്‍ /വായന പഠിപ്പിച്ചു. ഈ സര്‍ഗ്ഗത്തിന്‍റെ പേരും പ്രഥമ സൂക്തവും ٱلرَّحْمَٰن
എന്നായതില്‍ നിന്നും എന്താണ് ٱلرَّحْمَٰن എന്ന ദൈവനാമത്തിന്‍റെ പ്രസക്തി എന്ന് വേദപഠിതാക്കള്‍ക്ക് ചിന്തോദ്ദീപകമായ വിഷയമാണ്. വേദപഠനമായാലും വായന അഭ്യസിക്കലായാലും മനുഷ്യന്‍റെ സ്വതന്ത്ര ചിന്തക്കും, ഭൗതീകവും മാനസീകവുമായ സാഹചര്യങ്ങള്‍ക്കും, അനുസൃതമായിരിക്കും. ഈ പഠനം മഹാകാരുണ്യമാണ്. ദൈവവും  വേദവും ദൂതനും മാനവര്‍ക്ക്  കാരുണ്യമാണ്. ഈ കാരുണ്യം പ്രയോജനപ്പെടുത്തുക എന്നത് ബുദ്ധിയുടെ, യുക്തിയുടെ, ചിന്തയുടെ സ്വാധീനത്തിന് അനുസരിച്ച് വൈവിധ്യപൂര്‍ണ്ണവുമായിരിക്കും.
(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!