Quran

അല്‍ ഫാതിഹ 2

F
Fasalullah Hussain
Published on June 13, 2026

 

അല്‍ ഫാത്വിഹ വേദത്തിന്‍റെ വാതായനമാണ്. 
 ഈ വാക്ക് തന്നെ(‏ف-ت-ح‎) എന്ന ധാതുവിൽ നിന്നാണ് വന്നത്. അതിന്  "തുറക്കുക, വിശദീകരിക്കുക, വെളിപ്പെടുത്തുക,വിജയിക്കുക, കീഴടക്കുക"എന്നിങ്ങനെയാണ് പ്രാഥമിക അർത്ഥം. ഖുര്‍ആനികമായി അദ്ധ്യായങ്ങള്‍ക്ക് പേരുകള്‍ കാണില്ല എങ്കിലും അദ്ധ്യായത്തിന്‍റെ പ്രമേയ കേന്ദ്രം പേരായി നിശ്ചയിച്ചതായി കാണാം. അത്തരത്തില്‍  അൽ-ഹംദ്  ٱلْحَمْدُ (സ്തുതി) എന്ന പേരും  ഉമ്മുൽ-കിതാബ് -أمّ الکتاب‎ (ഗ്രന്ഥത്തിന്റെ മാതാവ്), ഉമ്മുൽ - ഖുര്‍ആൻ أمّ- اَلْقُرْآنُ (ഖുർആനിന്റെ മാതാവ്) എന്നിങ്ങനെയുള്ള നിരവധി പേരുകളിലും അൽ-ഫാത്തിഹ َالفٓاتِح എന്ന പ്രഥമ അദ്ധ്യായം  അറിയപ്പെടുന്നു. ആശയപരമായി ഈ പേരുകളെല്ലാം സാധൂകരിക്കപ്പെടുന്നുമുണ്ട്. 
അല്‍ ഫാത്വിഹ الفٓاتِح ഖുര്‍ആനിന്‍റെ مفتاح (താക്കോല്‍) ആണ്. അതുകൊണ്ട് ഇത് മിഫ്താഹുല്‍ ഖുര്‍ആനാണ്. അല്‍ലാഹുവിന്‍റെ വിശിഷ്ടനാമങ്ങളില്‍ പെട്ടതാണ് اَلْفَتَّاح ഖുര്‍ആന്‍ 34/26 ല്‍ അത് വ്യക്തമാകുന്നുണ്ട്.
യഥാര്‍ത്ഥ ഭരണാധികാരിയും   വിധികർത്താവും അല്‍ലാഹുവാണ് . അതുപോലെ മനുഷ്യന്‍റെ പ്രശ്നങ്ങളും പ്രയാസങ്ങളും  പരിഹരിക്കുന്ന ഒരാൾ എന്ന നിലക്കും اَلْفَتَّاح എന്നത് ദൈവീക നാമമാണ്. അതിനാല്‍ ഈ പേര് കൂടുതല്‍ അനുയോജ്യമാകുന്നുണ്ട്. فَتَح എന്നത് ആത്യന്തിക വിജയമാണ്.
▪️إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.
48-Al-Fath : 1
 യഥാര്‍ത്ഥത്തില്‍ ഇഹ പര ജീവിത വിജയത്തിന് അടിസ്ഥാനമായ മാര്‍ഗ്ഗരേഖയുടെ വാതായനം നിങ്ങള്‍ക്ക് തുറന്ന് തന്നിരിക്കുന്നു എന്നും അതിനാല്‍ ദുര്‍ഗ്രാഹ്യതകളില്ലാത്ത  സംശയങ്ങളൊന്നുമില്ലാത്ത വെളിപാടുകളിലൂടെ വിജയപാത തുറന്ന് തന്നിരിക്കുന്നു എന്നാണ് ദൈവം വേദത്തിലൂടെ ഉറപ്പ് തരുന്നത്. അതിനാല്‍  മാനുഷ്യകത്തിന്‍റെ അന്തിമ വിജയത്തിന് അനിവാര്യമായ സകല കാര്യങ്ങളുടെയും കലവറയായ ഖുര്‍ ആനിന്‍റെ ആമുഖമാണ് ഈ അദ്ധ്യായം. അതിനാല്‍ അൽ-ഫാത്തിഹ َ(الفٓاتِح) എന്ന പേര് അന്വര്‍ത്ഥവുമാണ്.

സംബോധിതന്‍ പ്രവാചകനാണെങ്കിലുംനമ്മളോട് ഓരോരുത്തരോടുമാണ് വേദം സംവദിക്കുന്നത്. 

 മാനുഷ്യകത്തിന്‍റെ ജീവിതലക്ഷ്യവും ഇഹ-പര വിജയമാണ്. ഈ വിജയത്തിന് ആധാരമായ വേദസാരസാഗരത്തിന്‍റെ താക്കോലും പ്രവേശനകവാടവും അൽ-ഫാത്തിഹ َ(الفٓاتِح) ആണ്. ഏഴ് സൂക്തങ്ങളില്‍ ഏടിന്‍റെ സര്‍വ്വ ആശയങ്ങളും സംപുഷ്ടമാണ്. അതുകൊണ്ടാണ് ആലങ്കാരികമായി   
▪️وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ
ആവര്‍ത്തിതമായ   ഏഴും മഹത്തായ ഖുര്‍ആനും  നിനക്കു നാം നല്‍കിയിട്ടുണ്ട് എന്ന് 15/87ല്‍ പറഞ്ഞത് പല വിജ്ഞരും الفٓاتِح യാണെന്ന് പറയുന്നത്.

ദൈവത്തിന്‍റെ സര്‍വ്വവിധസത്താഗുണങ്ങളും ഉള്‍കൊണ്ട് കൊണ്ടാണ് അദ്ധ്യായത്തിന്‍റെ  പ്രാരംഭം. ആദ്യ മൂന്ന് സൂക്തങ്ങളും സര്‍വ്വേശ്വരന്‍റെ മാഹാത്‌മ്യം ഘോഷിക്കലാണ്. തുടര്‍ന്ന് സമര്‍പ്പണത്തിന്‍റെ പ്രതിജ്ഞാവാക്യമാണ്. ശേഷിക്കുന്ന മൂന്ന് വചനങ്ങള്‍ മോചന പ്രാര്‍ത്ഥനകളുമാണ്.

വേദത്തിന്‍റെ 113 അദ്ധ്യായങ്ങളുടേയും പ്രമേയങ്ങളുടെ സംഗ്രഹമാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രഥമസര്‍ഗ്ഗം. ഇതിലുള്ള  ഓരോ പദങ്ങളും ഖുര്‍ ആനിക പരിപ്രേക്ഷ്യത്തില്‍ മനസിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ വേദാശയം സ്വാംശീകരിക്കുകയുമാണ് പഠന ലക്ഷ്യം. നാഥാ ഈ ലക്ഷ്യം നീ ഫലപ്രദമാക്കേണമേ...

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!