അല്‍ ഫാതിഹ 3
1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ١
ഖുര്‍ ആനിലെ ആദ്യത്തെ സര്‍ഗ്ഗമായ അല്‍ ഫാതിഹയിലെ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ (പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ സര്‍വ്വസത്താഗുണങ്ങളാലും. Al-Fatiha :1) എന്ന വാചകമാണ് ഖുര്‍ആനിലെ പ്രഥമ വാക്യം എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ആദ്യം അവതീര്‍ണ്ണമായ ഖുര്‍ആന്‍ വചനമെന്ന് വിശ്രുതമായത്, ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ (വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ സര്‍വ്വസത്താഗുണങ്ങളാലും. Al-Alaq :1) എന്ന അല്‍ അലഖ് എന്ന അദ്ധ്യായത്തിലെ ഒന്നാം വചനവുമാണ്.
ഖുര്‍ ആനിന്‍റെ മുഖവചനമായ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ (പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ സകലസത്താഗുണങ്ങളാലും) എന്നതിനെ വേദഭാഷാ പണ്ഡിതര്‍ بَسْمَلَة (ബസ്മല:) അല്ലെങ്കില്‍ تَسْمِيَّة (തസ്മിയ്യ:) എന്നാണ് വിവക്ഷിക്കുന്നത്.
ഖുര്‍ആന്‍ എന്ന പദം വായനയെ സ്ഥാപിക്കുന്നതിനാല്‍ ദൈവ കല്‍പനയായ ٱقْرَأْ بِٱسْمِ എന്ന ദൈവീക ആജ്ഞ നാം ശിരസാവഹിക്കേണ്ടതാണ്. ഇവിടെ വായന എന്നത് കേവല പാരായണത്തിനപ്പുറം ആശയ സ്വാശീകരണവും അനുധാവനവും ഉള്‍കൊള്ളുന്ന വിശാല അര്‍ത്ഥതലത്തിലും നാമം എന്നത് ദൈവീക വിശേഷണ നാമങ്ങളുടെ സാകല്യത്തിലും ഉള്‍ചേര്‍ന്നതാണെന്ന ബോധ്യവും അനിവാര്യമാണ്.
നമ്മുടെ ഏത് കര്‍മ്മങ്ങളും ദൈവീക പരിരക്ഷയിലും പ്രീതിയിലും ആയിരിക്കേണ്ടതിനുള്ള പ്രാര്‍ത്ഥന കൂടി ഈ വാചകത്തിന്‍റെ ലക്ഷ്യത്തില്‍ നിക്ഷിപ്തമാണ്.
അല്‍ ഫാത്വിഹ:യുടെ ഈ പ്രഥമവചനം നമ്മുടെ ദൈനംദിനകര്‍മ്മങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയായി പ്രാവര്‍ത്തികമാക്കുന്നത് ലക്ഷ്യത്തിന്‍റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. പ്രവാചകന്‍ നൂഹിന്‍റെ നൗകയുടെ യാത്രാവിവരണത്തില്‍ വേദത്തിന്‍റെ പ്രയോഗം ഇതിന് ഉപോല്‍ബലകമാണ്.
▪️وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
അദ്ദേഹം പറഞ്ഞു: "നിങ്ങളതില്‍ കയറുക. അതിന്റെ നീക്കവും നില്‍പുമെല്ലാം അല്ലാഹുവിന്റെ നാമത്തിലാണ്. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.”
11-Hud : 41
വേദവിരുദ്ധവും പൈശാചികവുമായ ദുര്‍ബോധനകളാല്‍ നിറഞ്ഞിരിക്കുന്ന മനസുകളില്‍ വേദത്തിന്‍റെ ആശയം സന്നിവേശിപ്പിക്കുമ്പോള്‍ അവിടെ സത്യാസത്യ സംഘട്ടനം നടക്കുകയും സത്യം വിജയിക്കുകയും ചെയ്യുമ്പോഴാണ് ٱلْفَتْحُ അഥവാ ആത്യന്തിക വിജയം സംഭവിക്കുന്നത്. പാരമ്പര്യമായി ഖുര്‍ ആന്‍ പാരായണത്തിന് മുമ്പ് പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പ്രാര്‍ത്ഥനയായ إستِغٰاذَة ('ഇസ്തിഗാദത്ത്') എന്ന മോചനമന്ത്രം ചൊല്ലാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിക ആശയം രൂഢമൂലമായ ശേഷം പൈശാചിക പ്രേരണയും ദൈവേതര ശക്തികളുടെ വക്താക്കളുടെ സ്വാധീനവും മൂലം മാര്‍ഗ്ഗഭ്രംശം സംഭവിക്കാതിരിക്കാന്‍ പാരായണശേഷമാണ് ഖുര്‍ആനികമായി إستِغٰاذَة (ഇസ്തിഗാദത്ത്) അനിവാര്യം. (അതിന്‍റെ വിശദീകരണം ദൈവാധീനത്താല്‍ പിന്നീട് നല്‍കാം.)
ആദ്യവചനമായ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്നതില്‍ പ്രധാനമായി മൂന്ന് പദങ്ങളാണ് ഉള്ളത്. بِسْمِ എന്നത് بِ إسْمِ എന്നാണ് വേണ്ടതെന്ന് ഭാഷയുടെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം. بِ (ബി എന്ന അക്ഷരം) എന്നത് with (കൊണ്ട്) എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന സംജ്ഞയാണ്. ഖുര്‍ആന്‍ പരിഭാഷകളില്‍ പല അര്‍ത്ഥങ്ങളില്‍ ഇത് ഉപയോഗിച്ചതായി കാണാം. അംഗശുദ്ധി വരുത്തുവാനുള്ള കല്‍പന വ്യക്തമാക്കുന്ന സൂക്തങ്ങളില്‍ فَٱمْسَحُوا۟ بِوُجُوهِكُمْ എന്നും وَٱمْسَحُوا۟ بِرُءُوسِكُمْ എന്നുമുള്ള ഭാഗങ്ങളിലെ بِ യുടെ പ്രയോഗവും وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ എന്നതും പഠനവിധേയമാക്കേണ്ടതുണ്ട് . ചില സൂക്തങ്ങളില്‍ بِ എന്ന പ്രത്യയം عَلــٰـى (മുകളില്‍-Over) എന്ന അര്‍ത്ഥത്തിലും ചില സൂക്തങ്ങളില്‍ مِن (in or from) എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചതായി ഭാഷാവിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതുപോലെ ആണയിടുന്നതിന് ِبِاللّٰه എന്ന പ്രയോഗവും അര്‍ത്ഥസമ്പുഷ്ടമാണ്. എന്തായാലും بِسْمِ യിലെ بِ (with) ''കൊണ്ട്'' എന്ന പരിമിതാര്‍ത്ഥത്തേക്കാള്‍ വിശാലവും സമ്പുഷ്ടവുമായ അര്‍ത്ഥതലങ്ങളില്‍ ഉള്‍കൊള്ളേണ്ടതാണ്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!