Quran

അല്‍ ഫാതിഹ 4

F
Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 4
▪️🔅🔅🔅▪️🔅🔅🔅▪️

1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ١۝
പരമകാരുണികനും കരുണാമയനുമായ അല്‍ലാഹുവിന്‍റെ സര്‍വ്വ ഗുണസവിശേഷങ്ങളാലുമാണ് വേദാശയം സ്വാംശീകരിക്കേണ്ടത്. ഇതില്‍ بِسْمِ യിലെ بِ യുടെ അര്‍ത്ഥകല്‍പന സാഹചര്യത്തിനനുസരിച്ച് ഉള്‍കൊണ്ടാല്‍ إِسْم പേര് കൊണ്ട്, പേരില്‍,പേരിനാല്‍ എന്നൊക്കെയാണ് പാരമ്പര്യ പരിഭാഷകളില്‍ കാണുക. إِسْم എന്നത് കേവലം പേര് എന്ന അര്‍ത്ഥത്തിലല്ല വേദം ഉപയോഗിച്ചിട്ടുള്ളത്. പേരുകള്‍ കേവലം തിരിച്ചറിയാനുള്ള ഉപാധികള്‍ മാത്രമാണ്.
ഒരു വസ്തുവിന്‍റെയോ, വസ്തുതയുടേയോ, വ്യക്തിയുടേയോ സ്ഥലത്തിന്‍റേയോ,സ്ഥാനത്തിന്‍റേയോ   നാമം അതിന്‍റെ ഗുണത്തിന്‍റെ ഒരംശം മാത്രമേ പ്രതിഫലിപ്പിക്കൂ. ഒരുവ്യക്തിക്ക് സുഗുണന്‍ എന്ന് നാമകരണം ചെയ്യുകയും അവന്‍ സകലദുര്‍ഗുണങ്ങളുടേയും പര്യായമായി ഭവിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന പിരിണിതി ചിന്തനീയമാണ്.

ഖുര്‍ആന്‍ 381 തവണ ആറ് രൂപങ്ങളില്‍ പ്രയോഗിച്ചിട്ടുള്ള س-م-و എന്ന ധാതുവില്‍ നിന്നാണ് إِسْم എന്ന പദം നിഷ്പന്നമായിട്ടുള്ളത്. അതില്‍ 50 തവണമാത്രമാണ് പേര് എന്ന അര്‍ത്ഥത്തില്‍ വന്നിട്ടുള്ളത്. 310 തവണ ഉപരിലോകം, മാനം, വാനം , ആകാശം തുടങ്ങിയ അര്‍ത്ഥകല്‍പനയുള്ള ٱلسَّمَآء എന്ന രൂപത്തിലും 21 തവണ നിശ്ചിതകാലയളവ് എന്ന ശൈലീപ്രയോഗമായ   أَجَلٌ مُّسَمًّى എന്നുമാണ് വന്നിട്ടുള്ളത്.
ഖുർആനിൽ  ആകാശവും ഭൂമിയും എന്ന് (ٱلسَّمَٰوَٰتِ وَٱلْأَرْضِ ) പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്.  ഭൂമിക്ക്   മുകളിൽ കാണുന്ന സര്‍വ്വതിനേയും ٱلسَّمَٰوَٰت
ആകാശങ്ങള്‍ എന്നാണ് വിവക്ഷിക്കുന്നത്. നമുക്ക് ദൃശ്യമാകുന്ന പ്രപഞ്ചത്തിന്റെ  ഉയർച്ചകളേയും  താഴ്ച്ചകളേയും - ٱلسَّمَٰوَٰتِ وَٱلْأَرْضِ- ഇത് സൂചിപ്പിക്കുന്നു. ചില സൂക്തങ്ങളില്‍ ഭൂമിയെ (ٱلْأَرْض)  ആകാശത്തിന്റെ  (ٱلسَّمَٰوَٰت) എതിരായി ഉപയോഗിക്കുന്നതായി കാണാം. ചില സൂക്തങ്ങളില്‍ ആകാശങ്ങള്‍ (ٱلسَّمَٰوَٰت) 
ഗോചരമായ ആകാശത്തെ മാത്രമല്ല, ഇതുവരെ കണ്ടെത്തിയതും ഇനിയും കണ്ടെത്താനിരിക്കുന്നതും അതിനപ്പുറമുള്ളതുമായ ഗാലക്സികൾ ഉൾപ്പെടുന്ന പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും അർത്ഥം
 ഉൾക്കൊള്ളുന്നതും,  ഭൂമി (ٱلْأَرْض) ഖുര്‍ആനിക ചിന്തയുടെ ഭൂമികയായും സൂചിപ്പിക്കുന്നുണ്ട്.

 പ്രത്യക്ഷത്തില്‍ ‍س-م-و ന്‍റെ അര്‍ത്ഥതലങ്ങള്‍ 
വൈവിധ്യവും വൈരുധ്യവുമായി തോന്നാമെങ്കിലും ഇവ പരസ്പര പൂരകാര്‍ത്ഥങ്ങള്‍ തന്നെയാണ്. ٱلسَّمَآء എന്നത് സാധാരണ ആകാശം മുതല്‍ ദൈവീക സാന്നിധ്യം ബോധ്യമാകുന്ന സമുന്നതമണ്ഡലം വരെ സൂചിതമാണ്. ദൈവീക സരണിയിലെത്താനുള്ള ചിന്തകളുടെ സവിശേഷതകളാണ് വസ്തുക്കളുടേയും വസ്തുതകളുടേയും പേരുകള്‍. യഥാര്‍ത്ഥ നാമങ്ങള്‍ അതിന്‍റെ ഗുണസവിശേഷതകളെ സാധൂകരിക്കുന്നതും,വ്യക്തമാക്കുന്നതുമായിരിക്കും. 
ദൈവത്തിന്‍റെ നാമങ്ങള്‍ സാര്‍ത്ഥകവും ഗുണസവിശേഷതകളെ അന്വര്‍ത്ഥമാക്കുന്നതും ആയിരിക്കും. وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ ഉല്‍കൃഷ്ട 'നാമ'ങ്ങള്‍ അല്‍ലാഹുവിന് മാത്രമാണ്. ٱلْأَسْمَآءُ (അല്‍ അസ്മാഅ്) ബഹുവചന രൂപമാണ്.സവിശേഷഗുണങ്ങളും കഴിവുകളുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. പ്രകൃതിപരമായ യഥാര്‍ത്ഥഗുണങ്ങള്‍ പ്രതിഫലിപ്പിക്കുകയും പ്രകടിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാവു കയും ചെയ്യുമ്പോള്‍ മാത്രമാണ്  إِسْم സ്വഭാവം യാഥാര്‍ത്ഥ്യമാവുക. 
 അല്‍ലാഹുവിന് 99 വിശേഷ്യങ്ങളുണ്ടെന്ന് പരിമിതപ്പെടുത്തേണ്ടതില്ല. ഉല്‍കൃഷ്ടമായ സത്താഗുണങ്ങള്‍ അസംഖ്യമാണെന്നതാണ് വസ്തുത.

ആദമിന് അല്‍ലാഹു എല്ലാ നാമങ്ങളും പഠിപ്പിച്ചതായി വേദം പറയുന്നുണ്ട്. ബാഹ്യമായ ആകാരം,നിറം, മണം, രുചി തുടങ്ങിയ നിരവധി ഗുണങ്ങള്‍ അന്തര്‍ലീനമാണെങ്കിലും ഓരോരുത്തരും ഓരോ ഗുണങ്ങളായിരിക്കാം സ്വായത്തമാക്കുന്നത്. അന്ധന്‍ ആനയെ നിരൂപിക്കുന്നത് പോലയാണ് മനുഷ്യരുടെ പരിമിതമായ അറിവ് കൊണ്ട് ഉപരിപ്ലവമായി  ഓരോ കാര്യങ്ങളും ഗ്രഹിക്കുന്നത്. എന്നാല്‍ ദൈവീകമായ ഉള്‍കൊള്ളല്‍ സൂക്ഷ്മവും സമഗ്രവുമാണെന്ന് മനസിലാക്കേണ്ടതാണ്. 
▪️وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَٰٓؤُلَآءِ إِن كُنتُمْ صَٰدِقِينَ
അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ ‎പഠിപ്പിച്ചു. പിന്നീട് അവയെ 'മാലാഖ'കളുടെ മുന്നില്‍ ‎പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ ‎പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" ‎
2-Al-Baqara : 31

 ഇത് കേവലവും ബാഹ്യവുമായ പേരുകള്‍ മാത്രമല്ലെന്നും ഓരോന്നിന്‍റെയും സൂക്ഷ്മവും സ്ഥൂലവുമായ ബാഹ്യവും ആന്തരീകവുമായ ഗുണഗണങ്ങളെ കുറിച്ചുള്ള അവബോധം ആദമില്‍  സൃഷ്ടിച്ചു എന്ന് വേണം മനസിലാക്കാന്‍. അതായത് മനുഷ്യനും മാലാഖയും തമ്മിലുള്ള ജ്ഞാനാന്തരം വ്യക്തമാക്കുക കൂടിയാണ് സൂക്തലക്ഷ്യം. ദൈവീകമായി നോക്കിയാല്‍ ഓരോ വസ്തുവിന്‍റെയും വസ്തുതയുടേയും പേരുകള്‍ അവയുടെ ഗുണങ്ങളുടെ പ്രതിഫലനം മാത്രമാണ്. സര്‍വ്വഗുണങ്ങളുടേയും മേളനം ദൈവത്തില്‍ മാത്രം അധിഷ്ഠിതവും.
(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!