അല്‍ ഫാതിഹ 6
1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
അല്‍ലാഹുവിനാണ് അത്യുത്തമമായ നാമങ്ങള്‍ .അത് അല്‍ലാഹുവിന്‍റെ സവിശേഷതകളാണ് .അത് ആന്തരീകവും ബാഹ്യവുമായി അന്വര്‍ത്ഥവും പൂരകവുമാണ്.
എന്നാല്‍ വ്യക്തികളുടെയും വസ്തുക്കളുടേയും വസ്തുതകളുടേയും നാമകരണം ആ രീതിയില്‍ അന്വര്‍ത്ഥമാകണമെന്നില്ല. വസ്തുക്കളുടെ നാമകരണം മനുഷ്യരാല്‍ നല്‍കപ്പെട്ടതും അവയുടെ സവിശേഷതകള്‍ക്ക് അനുപൂരകമായതും ആകാം. എന്നാല്‍ മനുഷ്യര്‍ക്ക് ചെയ്തിരിക്കുന്ന നാമകരണങ്ങള്‍ അങ്ങിനെ ആകണമെന്നില്ല. ദുര്‍ഗുണങ്ങള്‍ മേളിച്ചവന് സുഗുണന്‍ എന്നും കളവും മോഷണവും തൊഴിലാക്കിയ ആള്‍ക്ക് സത്യശീലന്‍ എന്നും പേരുകള്‍ കാണാം. മക്കള്‍ അറിയപ്പെടേണ്ടത് പിതാവിന്‍റെ അംഗീകാരത്തില്‍ മാത്രമായിരിക്കണം. ഇത് ജനിതകശാസ്ത്രസത്യത്തിന്‍റെ അംഗീകാരം കൂടിയാണ്. ഖുര്‍ആന്‍ പറയുന്നത് ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِند ٱللَّهِ ۚ (നിങ്ങള്‍ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് ഏറ്റവും നീതിപൂര്‍വകം. 33 : 5)
അതുപോലെ വേദം പരിഹാസ്യ നാമവല്‍ക്കരണത്തെ എതിര്‍ക്കുന്നുമുണ്ട്. بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ സൂക്ഷ്മതയും സുരക്ഷാബോധവും ആര്‍ജിച്ച,നിര്‍ഭയത്വം കൈവരിച്ചവര്‍ ഒരിക്കലും മ്ലേഛമായ പേരുകളില്‍ (വിശേഷണങ്ങളില്‍) അറിയപ്പെടരുത്. അതായത് അവരില്‍ നിന്നും മ്ലേഛമായതൊന്നും സംഭവിക്കുകയോ അത്തരം കൃത്യങ്ങളാല്‍ അറിയപ്പെടുകയോ (കുപ്രസിദ്ധി) ചെയ്യരുതെന്ന് സാരം.
അതിനാല്‍ ദൈവീക നാമം എത്രത്തോളം പവിത്രമാണെന്നും സൃഷ്ടികളുടെ പ്രചാരവും പരസ്യവും കേവല ബാഹ്യമോടിയില്‍ പരിമിതമാണെന്നും തിരിച്ചറിയുക.
▪️يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
49-Al-Hujurat : 11
അതിനാല്‍ بِسْمِ ٱللَّه (ബിസ്മില്ല:) എന്ന പ്രഥമപദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ തന്നെ അല്‍ലാഹുവിന്‍റെ സത്താഗുണങ്ങള്‍ സ്മൃതിപഥത്തില്‍ ഉണ്ടാകാന്‍ ശ്രമിക്കേണ്ടതാണ്. സകല സല്‍കര്‍മ്മങ്ങളുടേയും പ്രാരംഭ പ്രാര്‍ത്ഥന എന്ന രീതിയില്‍ ഉരുവിടുമ്പോള്‍ അല്‍ലാഹുവിന്‍റെ സഹായത്താല്‍ മാത്രമേ കര്‍മ്മങ്ങള്‍ സഫലമാകൂ എന്ന ചിന്തയും ബോധവും ബോധ്യവും അനിവാര്യമാണ്.
(ദൈവാധീനത്താല്‍ തുടരും.)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!