HILAL

ഗ്രഹണങ്ങളും ഖുര്‍ആനും 3

F
Fasalullah Hussain
Published on June 14, 2026

ഗ്രഹണങ്ങളും ഖുര്‍ആനും: 3
🌗▪️▪️▪️▪️▪️▪️🌗

ഗ്രഹണങ്ങളെ കുറിച്ച് സൂചന നല്‍കുന്നത് ഖുര്‍ആനിലെ 'അല്‍ ഖിയാമ' എന്ന അദ്ധ്യായത്തിലെ എട്ടാം വചനമാണ്. അന്ത്യനാളിന്‍റെ അഥവാ ആത്യന്തിക പരിണിതിയുടെ ലക്ഷണമായിട്ടാണ് ഖുര്‍ആന്‍ وَخَسَفَ ٱلۡقَمَرُ (ചന്ദ്രന് ഗ്രഹണം ബാധിച്ചാല്‍ അല്ലെങ്കില്‍ ചന്ദ്രന്‍ ഇരുണ്ട് പോകുമ്പോള്‍) എന്ന് പരാമര്‍ശിക്കുന്നത്. ഗ്രഹണം എന്ന് ഭാഷാന്തരം ചെയ്യുന്നത് خَسَفَ എന്ന പദത്തെയാണ്. خ-س-ف എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായതും എട്ട് തവണ ഒരേ രൂപത്തില്‍ മാത്രം ഖുര്‍ആന്‍ പ്രയോഗിച്ചതുമായ പദമാണിത്. خسف എന്നതിന്‍റെ പ്രാഥമിക അര്‍ത്ഥതലങ്ങള്‍ ആഴത്തിലേക്ക് പോകുക, മറഞ്ഞുപോകുക, നിലംപതിക്കുക എന്നിവയാണ്.

ഖുര്‍ആന്‍ ദൈവിക ശിക്ഷയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവനിഷേധിയും അതിക്രമിയുമായ ഖാറൂനെ കുറിച്ച് അൽ-ഖസസ് അദ്ധ്യായത്തിലെ 81ാം വചനത്തില്‍ فَخَسَفْنَا بِهِ وَبِدَارِهِ ٱلۡأَرۡضَ “നാം അവനെയും (ഖാറൂനെ) അവന്റെ വീടിനെയും അല്ലെങ്കില്‍ ആശയങ്ങളേയും ഭൂമിക്കടിയിലാക്കി.” ഖാറൂൻ തന്റെ അഹങ്കാരത്താൽ നശിപ്പിക്കപ്പെട്ടു എന്ന് സാരം.

ഹാമാനും ഫിര്‍ഔനും ഖാറൂനും അഹങ്കാരികളും അധര്‍മ്മികളും മാനവവിരുദ്ധരും വേദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതാക്കളുമാണ്. അവരെ പോലുള്ളവരേയും അവരുടെ അനുയായികളേയും അവര്‍ അനുവര്‍ത്തിക്കുന്ന പൈശാചിക ആശയങ്ങളേയും വേദാശയഭൂമികയില്‍ ആഴ്ത്തിക്കളയുക എന്നതാണ് പ്രവാചകരുടേയും പ്രബോധകരുടേയും ലക്ഷ്യവും കടമയും. അൻ-നഹൽ അദ്ധ്യായത്തിലെ 45 -47 സൂക്തങ്ങളിലും മറ്റും ഈ വിഷയം വ്യക്തമാക്കുന്നുണ്ട്. പൈശാചിക ആശയങ്ങളെ നിലംപതിപ്പിക്കുക എന്ന ആശയം പ്രകടിപ്പിക്കാനാണ് نُخۡسِفۡ بِهِمُ ٱلۡأَرۡضَ “അവരെ ഭൂമിയിൽ ആഴ്തിക്കളഞ്ഞില്ലേ” എന്ന ഖുര്‍ആനിക പ്രയോഗം എന്ന് ഗ്രഹിക്കേണ്ടതുണ്ട്.

അൽ-ഖിയാമ അദ്ധ്യായത്തിലെ وَخَسَفَ ٱلۡقَمَرُ (“ചന്ദ്രൻ ഇരുണ്ടുപോകും (ഗ്രഹണം സംഭവിക്കും).” എന്ന അന്ത്യദിനത്തിലെ അടയാളം വര്‍ണ്ണിക്കുന്നതിനും خَسَفَ എന്ന പദപ്രയോഗമാണെന്നത് ശ്രദ്ധേയവും ചിന്തോദ്ദീപകവും പഠനാര്‍ഹവുമാണ്.

അല്‍ ഖിയാമയിലെ എട്ടാം വചനത്തിലെ خسف എന്ന പ്രയോഗം ചന്ദ്രന്‍ മറയപ്പെടുന്നതിനെ കുറിച്ചാണ്. സൂര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേര്‍രേഖയില്‍ എത്തപ്പെടുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച് ഭൂനിവാസികള്‍ക്ക് ചന്ദ്രന്‍ ആഗോചരമാകുന്നതാണല്ലോ ചന്ദ്രഗ്രഹണം. അതായത് ചന്ദ്രന്‍ ദൃഷ്ടിയില്‍ നിന്നും അല്‍പസമയം മറയപ്പെടുന്ന (خَسَفَ) പ്രതിഭാസം.

പരസ്പര ആകര്‍ഷണ വികര്‍ഷണ ബലങ്ങളുടെ സന്തുലിതാവസ്ഥയിലാണ് സര്‍വ്വ ഖഗോളങ്ങളും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നത്. ഈ ആകര്‍ഷണ വികര്‍ഷണ ബലങ്ങള്‍ക്കോ അവയുടെ ചലന വേഗതക്കോ ദിശക്കോ അല്‍പവ്യതിയാനം സംഭവിച്ചാല്‍ പ്രകൃതിയുടെ താളം തെറ്റുകയും അവ നിയന്ത്രണമില്ലാതെ ചലിച്ച് നാശത്തിലേക്ക് നയിക്കപ്പെടും. ഈ പ്രക്രീയക്ക് നിരവധി ഘടകങ്ങളുടെ സ്വാധീനമുണ്ട് താനും. ആ ഘടകങ്ങളുടെ താളപ്പിഴയും പ്രപഞ്ചത്തെ സര്‍വ്വ നാശത്തിലേക്ക് നയിക്കും.

എന്തായാലും ഈ ഗ്രഹണങ്ങള്‍, ഖഗോളങ്ങളുടെ ചലനങ്ങളെ കുറിച്ചുള്ള ചിന്തയും അവബോധവും സൃഷ്ടിക്കാനും ദൈവിക ശക്തിയെ കുറിച്ചുള്ള ബോധവും ബോധ്യവും സംജാതമാക്കാനും ശാസ്ത്രവബോധവും ചിന്താശീലമായ മനുഷ്യര്‍ക്ക് പ്രേരകമാകും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ വേദജ്ഞാനമില്ലാത്ത, പൈശാചിക ചിന്താഗതിയുടെ വക്താക്കള്‍ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ച് തര്‍ക്കിച്ചുകൊണ്ടേയിരിക്കും. കാലഗണനയെ കുറിച്ചും മാസാരംഭങ്ങളെ കുറിച്ചും തര്‍ക്കിക്കുന്നവര്‍, ശാസ്ത്രനിഗമനങ്ങളെ തിരസ്കരിക്കുന്നവര്‍ ഗ്രഹണ വിഷയത്തില്‍ കണക്കില്‍ ജാഗ്രതപുലര്‍ത്തുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് പരിഹാസ്യമാണ്.

ഗ്രഹണസമയത്ത് വിശേഷ പ്രാര്‍ത്ഥനകളൊന്നും വേദം നിഷ്കര്‍ഷിക്കുന്നില്ല. ഇത് ഒരു പ്രകൃതി പ്രതിഭാസം മാത്രമാണ്. ഇത് ഒരു ദുരന്തമുന്നറിയിപ്പോ, ഭയപ്പെടുത്തലോ അല്ല. ദൈവിക അസ്തിത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന അടയാളം മാത്രമാണ്.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!