HILAL

ഗ്രഹണങ്ങളും ഖുര്‍ആനും 6

F
Fasalullah Hussain
Published on June 14, 2026

ഗ്രഹണങ്ങളും ഖുര്‍ആനും: 6
🌗🔅🔅🔅▪️🔅🔅🔅🌗

പ്രകൃതി പ്രതിഭാസങ്ങളോട് വിശ്വാസികളുടെ സമീപനവും പ്രതികരണവും എങ്ങിനെ ആയിരിക്കണം എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

രാവും പകലും മാറിവരുന്നത് സാധാരണ വ്യക്തികള്‍ക്ക് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നാല്‍ എന്തുകൊണ്ട് രാപ്പകല്‍ സംഭവിക്കുന്നു എന്നതും അവയുടെ ദൈര്‍ഘ്യ വ്യത്യാസം എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും ആലോചിക്കുമ്പൊഴാണ് ഇതിന്‍റെ പിന്നിലുള്ള ശക്തിയുടെ സാന്നിധ്യവും അതിനെ കുറിച്ചുള്ള ചിന്തയും യുക്തിയും ബോധ്യവും രൂപപ്പെടുക. അപ്പോഴാണ് സൂര്യനെ കുറിച്ചും ഭൂമിയടക്കമുള്ള ഗ്രഹങ്ങളെ കുറിച്ചും ചന്ദ്രനെ പോലുള്ള ഉപഗ്രഹങ്ങളെ പറ്റിയും ഓരോരുത്തരും ചിന്തിക്കുക. ഈ ചിന്ത ദൈവബോധത്തിലേക്ക് നയിക്കപ്പെടും എന്നതും സത്യം.

ഖുര്‍ആനിലെ ആലിഇംറാന്‍ അദ്ധ്യായത്തിലെ 190ാം വചനം വ്യക്തമാക്കുന്നത് ദൈവാവബോധം സൃഷ്ടിക്കുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള മനനമാണെന്നാണ്.
▪️إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتࣲ لِّأُوْلِي ٱلۡأَلۡبَٰبِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകളുടെ വൈവിധ്യമാര്‍ന്ന മാറ്റങ്ങളിലും  യുക്തിദീക്ഷയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

പ്രപഞ്ച സൃഷ്ടിയുടെ രഹസ്യം പ്രപഞ്ചത്തേക്കാള്‍ അനന്തവിസ്തൃതമാണ്. നാലാപ്പാട്ട് നാരായണമേനോന്‍റെ കവിതാശകലം ഇതിന്‍റെ വ്യാപ്തി ഒരു പരിധിവരെ വ്യക്തമാക്കുന്നതാണ്.

''അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യൻ കഥയെന്തറിഞ്ഞു"

പ്രപഞ്ചത്തിന്‍റെ വിസ്തൃതിയും അതില്‍ മനുഷ്യന്‍ എത്ര നിസ്സാരമായ സ്ഥാനത്തിന്‍റെ ഉടമയാണെന്നതും വ്യക്തമാക്കുന്നു. അപ്പോള്‍ 'ഈ' കഥയറിയാത്ത മനുഷ്യരെ ദൈവബോധം ജനിപ്പിക്കാനാണ് വേദം ലക്ഷ്യമിടുന്നത്.

തുടര്‍ന്ന് വരുന്ന (3/191) സൂക്തം പ്രകൃതി ദൃഷ്ടാന്തങ്ങള്‍ ബോധ്യമാകുമ്പോള്‍ ചെയ്യേണ്ട പ്രാര്‍ത്ഥനയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വാസികള്‍ അവരുടെ ജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും ദൈവസ്മരണ നിലനിലനിര്‍ത്തും. ആകാശഭൂമികളടങ്ങിയ പ്രപഞ്ചസൃഷ്ടിയെ കുറിച്ച് ചിന്തയും ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പരിചിന്തനത്തിന് വിധേയമാക്കും. സൂക്ഷ്മവും സ്ഥൂലവുമായ സകല ചരാചരങ്ങളുടേയും സൃഷ്ടിപ്പിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ്യവും ലക്ഷ്യവും യുക്തിയുമുണ്ടെന്ന തിരിച്ചറിവ് നേടും. ദൈവത്തിന്‍റെ അസ്തിത്വവും കഴിവുകളും തിരിച്ചറിഞ്ഞ് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കും.
ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمࣰا وَقُعُودࣰا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلࣰا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.

ഖുര്‍ആനിക പ്രാര്‍ത്ഥനയുടെ ശൈലി കൂടി സൂക്തം വ്യക്തമാക്കുന്നുണ്ട്. رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلࣰا (നാഥാ നീ ഒന്നും വ്യര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല) എന്ന തിരിച്ചറിവാണ് تَفَكَّرُ (ഗവേഷണാത്മക പരിചിന്തനത്തിന്റെ) ആത്യന്തിക ഫലം.

എന്നിട്ടും നാം ഇല്ലാത്ത ഗ്രഹണ നമസ്കാരത്തിന് വ്യഗ്രത കാണിക്കുകയും കൂടുതല്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ട വ്രതാരംഭം ഉള്‍പ്പെടെയുള്ള അനിവാര്യ മാസപ്പിറവി വിഷയത്തില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നത് വിചിത്രവും ചിന്താവൈകൃതവുമാണെന്നത് പറയാതെവയ്യ.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!