HILAL

മാസപ്പിറവി 3

F
Fasalullah Hussain
Published on June 14, 2026

ചന്ദ്രന്‍റെ വൃദ്ധിക്ഷയം എന്തുകൊണ്ട്.❓
🔅🔅🔅▪️▪️▪️🔅🔅🔅

ചന്ദ്രന്‍റെ വൃദ്ധിക്ഷയം എന്താണെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നുമുള്ളത് അടിസ്ഥാന പരമായ ചോദ്യമാണ്.
അത് ഗോളശാസ്ത്ര പരിജ്ഞാനം വേദസൂക്തങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലന വിധേയമാക്കി മനസിലാക്കേണ്ടതാണ്.
സൂര്യനടക്കമുള്ള ഖഗോള ചലനം ഖുര്‍ ആനിക സത്യമാണ്.
🔅لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ നിശ്ചിത ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
36-Ya Sin : 40

സൂര്യന്‍റെ ഗ്രഹമായ ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമി ഭ്രമണത്തോടൊപ്പം സൂര്യനെ പരിക്രമണം ചെയ്യുന്നു.ചന്ദ്രന്‍ ഭൂമിയേയും പരിക്രമണം ചെയ്യുന്നു. ഇവയുടെ ഭ്രമണ പരിക്രമണ പാതയും കാലവും കണിശവും കൃത്യവുമാണ്, അത് ദൈവീക നിശ്ചയവും.

സൂര്യന്‍റെ പ്രഭ ചന്ദ്രോപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്നത് നമുക്ക് ഗോചരമാകുന്നു. സൂര്യപ്രഭ നമുക്ക് തീരേ ഗോചരമല്ലാത്ത ദിവസമാണ് അമാവാസി. 

സൂര്യന്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നതായി നമുക്ക് തോനുന്നുവെങ്കിലും അത് ശാസ്ത്ര സത്യമല്ല. ഭൂമിയുടെ ഭ്രമണം മൂലമുള്ള തോന്നലാണ്. അതിന് 24 മണിക്കൂര്‍ സമയമെടുക്കുന്നു. ഇതാണ് ദിനചലനം.
ഇതേ രീതിയില്‍ ചാന്ദ്രികചലനത്തേയും അനുമാനിച്ചാല്‍ ചന്ദ്രന്റെ പരിക്രമണകാലം 24 മണിക്കൂര്‍ 48 മിനുട്ടായി ഗണിക്കാം. അതായത്  ചന്ദ്രന്റെ സ്ഥാനം ഓരോ ദിവസവും സൂര്യനില്‍ നിന്നും നാല് ഡിഗ്രി (4°) വീതം (48 മിനുട്ടിന്‍റെ സഞ്ചാര ദൂരം) പിറകോട്ടേക്കാണെന്ന് തോന്നും. ഇതിന്‍റെ ഫലമായി  ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ, ചന്ദ്രന്റെ ദൃശ്യഭാഗത്തിൽ ക്രമമായുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെയാണ് വൃദ്ധിക്ഷയം എന്ന് പറയുന്നത്. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന സമയത്ത്, സൂര്യനെ അഭിമുഖീകരിക്കുന്ന ചന്ദ്രന്റെ പകുതി ഭാഗം പ്രകാശിതമാകും. ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ചന്ദ്രന്റെ പ്രകാശിത ഭാഗത്തിന്റെ വിവിധ രൂപങ്ങൾ ചന്ദ്രന്റെ വൃദ്ധിക്ഷയമായി അറിയപ്പെടുന്നു. 29.5 ദിവസത്തിൽ ഓരോ വൃദ്ധിക്ഷയ ഘട്ടവും ആവർത്തിക്കുന്നു.
ചന്ദ്രന്റെ ഒരേ ഭാഗമാണ് എല്ലായ്പ്പോഴും ഭൂമിയ്ക്ക് അഭിമുഖമായി വരുന്നത്, അതിനാൽ ചന്ദ്രോപരിതലത്തിന്റെ ഒരേ ഭാഗം തന്നെയാണ് വൃദ്ധിക്ഷയ സമയത്ത് വിവിധ ആകൃതിയിൽ കാണാൻ കഴിയുന്നത്.

ചന്ദ്രന്റെ ഒരു വൃദ്ധിക്ഷയ ചക്രത്തെ ശുക്ലപക്ഷം( അമാവാസിയിൽ നിന്നും പൗർണമിയിലേയ്ക്കുള്ള ഘട്ടം) കൃഷ്ണപക്ഷം (പൗർണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള ഘട്ടം) എന്നിങ്ങനെ രണ്ട് പക്ഷങ്ങളായി തിരിച്ചിരിക്കുന്നു.
അമാവാസിയാണ് വൃദ്ധിക്ഷയ ചക്രത്തിന്‍റെ അവസാന നാള്‍. 
🔅هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.
10-Yunus : 5

മേല്‍ സൂക്തത്തിന്‍റെ ശാസ്ത്രീയ മാനം വിശകലനം ചെയ്താല്‍ 29/30 നാളുകളില്‍ ചന്ദ്രന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് (وَقَدَّرَهُۥ مَنَازِلَ (അവന്‍ അതിന് വിവിധ ഘട്ടങ്ങളെ നിശ്ചയിച്ചിരിക്കുന്നു ) ബോധ്യമാകും. കൂടാതെ അതിന്‍റെ പിന്നിലുള്ള ലക്ഷ്യവും  (لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ വര്‍ഷങ്ങളുടെ ഗണനവും  കണക്കുകളും  മനസിലാക്കാന്‍)   

ചന്ദ്രന്റെ വൃദ്ധിക്ഷയത്തിന്‍റെ അവസാന രൂപം ചിത്രീകരിക്കുന്നത് كَٱلْعُرْجُونِ ٱلْقَدِيمِ എന്ന ഉപമാ രൂപത്തിലാണ്.

🔅وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
36-Ya Sin : 39

നാലക്ഷരങ്ങള്‍ ചേര്‍ന്ന് വരുന്ന ചില പദങ്ങളില്‍ ഒന്നാണ് عُرْجُونِ എന്ന പദം. ع رج ن എന്നത് ഈ സൂക്തത്തില്‍  മാത്രമുള്ളതാണെങ്കിലും  ع ر ج എന്ന മൂലപദവുമായി ബന്ധിതമാണ്. കറുത്ത് വില്ല് പോലെ വളഞ്ഞ ഈന്തപ്പനയുടെ പൂങ്കുലയുടെ ആവരണത്തിന്‍റെ രൂപ സാദൃശ്യം ബോധ്യമാക്കുന്നതാണ് كَٱلْعُرْجُونِ ٱلْقَدِيمِ എന്ന പ്രയോഗം. അതിന് ശേഷം വരുന്ന ദിവസം സൂര്യപ്രഭ ചന്ദ്രോപരിതലത്തില്‍ നമുക്ക് അഭിമുഖമായ ഭാഗത്ത് പതിക്കുന്നില്ല.
അതാണ് അമാവാസി.അതിനാല്‍  
ഖുര്‍ ആനികമായും  ''അമാവാസിയെ'' ചാന്ദ്രമാസത്തിന്‍റെ അവസാനനാളായി ഗണിക്കാം.

ചന്ദ്രന്‍റെ പരിക്രമണ വേഗത്തിലുള്ള കുറവ് (ഭൂമിയുടേത് 24 മണിക്കൂറും ചന്ദ്രന്‍റേത് 24 മണിക്കൂര്‍ 48 മിനുട്ട്) ചന്ദ്രന്‍റെ വൃദ്ധിക്ഷയത്തിന് നിദാനമാകുന്നത് പോലെ അമാവാസിയും  മറ്റ് ചാന്ദ്രദിനങ്ങളും ഒരേ സൗരദിനത്തില്‍ ഉള്‍കൊള്ളുമോ എന്നത് പരിചിന്തനത്തിന് വിധേയമാക്കേണ്ട വിഷയമാണ്.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!