മാസപ്പിറവി 4
കാലഗണനയുടെ മാനദണ്ഡമെന്ത് ❓
➖➖🔅🔅▪️🔅🔅➖➖
കാലഗണനയുടെ അടിസ്ഥാനം ഖഗോള ചലനങ്ങളാണ്.
സര്‍വ്വ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റ് ഗോളങ്ങളും രേഖീയചലനങ്ങളിലും പരിക്രമണ ചലനങ്ങളിലും ഭ്രമണ ചലനത്തിലും ദൈവീക നിയന്ത്രണത്തിന് വിധേയമായി കൃത്യതയോടും കണിശതയോടും അനുസ്യൂതം ചലിച്ചുകൊണ്ടേയിരിക്കുന്നു.
സൂര്യനും ഭൂമിയും ചന്ദ്രനും മറ്റ് നക്ഷത്രാദി ഗോളങ്ങളെല്ലാം ചലിക്കുന്നത് കണിശതയോടെയാണ് എന്നത് ഖുര്‍ ആനിക സാക്ഷ്യവുമാണ്.
ഭൂമിയുടെ പരിക്രമണം അടിസ്ഥാനമാക്കി വാര്‍ഷിക ചലനവും ഭ്രമണത്തെ അടിസ്ഥാനമാക്കി ദിനചലനവുമാണ് ഗ്രിഗോറിയന്‍ കാലഗണനയുടെ മാനദണ്ഡം. ഇസ്ലാമിക കാലഗണനയുടെ ഒരു മാനദണ്ഡം ചാന്ദ്രിക ചലനമാണ്.
കാലഗണന പരിഗണനീയമായ ഏറ്റവും ചെറിയ അളവായ സെക്കന്‍റ് മുതല്‍ വര്‍ഷം വരെയാണെന്ന് നിജപ്പെടുത്താം,
അതിന്‍റെ ആവര്‍ത്തനവും.
ദിവസം കണക്കാക്കുന്നത് ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയ ദിനചലനത്തിനനുസരിച്ചാണ്. അതിന് 24 മണിക്കൂറാണെന്നും അതിന്‍റെ കൃത്യമാര്‍ന്ന വിഭജനം മൂലമാണ് മണിക്കൂറും, മിനുട്ടും, സെക്കന്‍റും കണക്കാക്കിയിട്ടുള്ളതെന്നും എല്ലാവര്‍ക്കും അറിയാം.
അതായത് ദിവസം ഭൂമിയുടെ ദിനചലത്തിനടിസ്ഥാനത്തിലാണ്, അതില്‍ സൂര്യപ്രകാശം പതിക്കുന്ന ഭാഗം പകലും അതിനെതിരായി വരുന്ന ഭാഗം രാത്രിയും.
പകലിന്‍റെയും രാത്രിയുടെയും അതിര്‍ത്തി സൂര്യാസ്തമയവും, സൂര്യോദയവും ആണ്.
🔅فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവുമാക്കി. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്.
6-Al-An'am : 96
ഖഗോളചലനങ്ങള്‍ കൃത്യമായി ദൈവീക നിയന്ത്രണത്തില്‍ തന്നെയാണ് എന്ന് ഖുര്‍ ആന്‍ നിരവധി സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നു. അതാണ് പ്രപഞ്ചത്തിന്‍റെ സുസ്ഥിരമായ നിലനില്‍പിന് ആധാരം.
ഉദാഹരണത്തിന് ചില സൂക്തങ്ങള്‍ മാത്രം ഉദ്ദരിക്കാം.
🔅أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِىٓ إِلَىٰٓ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും നീ ആലോചിച്ചിട്ടില്ലേ
സൂറ: ലുഖ്മാന്‍ : 29
🔅ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ
അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം.
സൂറ: അല്‍ മുസ്സമ്മില്‍ : 20.
സൂര്യന് ചുറ്റും ഭൂമി പരിക്രമണം നടത്തുന്നതിനാണ് വാര്‍ഷികചലനം. ഈ കാലയളവാണ് ഒരു വര്‍ഷം. സൗരവര്‍ഷം 365.25 ദിവസങ്ങളാണെന്നും ഏവര്‍ക്കും അറിയാം.
ഇതിനെ 12 ഭാഗങ്ങളാക്കിയാണ് ഗ്രിഗോറിയന്‍ കലണ്ടറില്‍ മാസങ്ങള്‍ നിജപ്പെടുത്തിയത്.
എന്നാല്‍ ഇസ്ലാമിക മാസ നിര്‍ണ്ണയം ചന്ദ്രന്‍റെ വൃദ്ധിക്ഷയം അനുസരിച്ചും.
ഇവിടെയും ദൈവനിര്‍ദ്ദേശാനുസരണം മാസങ്ങള്‍ 12 ചേര്‍ന്ന് വര്‍ഷം കണക്കാക്കുന്നു,
അടിസ്ഥാനം ഈ സൂക്തവും.
🔅إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ.........
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. ......
സൂറ : അത്തൗബ : 36
അത്പോലെ മാസങ്ങളെ നിര്‍ണ്ണയിക്കുന്നതിനും അല്‍ലാഹു തന്നെയാണ് മാനദണ്ഡം നിശ്ചയിച്ചത്.
ഒരമാവാസി തൊട്ട് അടുത്ത അമാസിവരെയുള്ള കാലയളവാണ് ചാന്ദ്രമാസം.( ഒരേ മാസത്തില്‍ രണ്ട് അമാവാസികള്‍ ഉള്‍പ്പെടുമെന്ന തോന്നല്‍ തെറ്റിദ്ധാരണാ ജനകമാണ്.)
അത് ഏകദേശം 29.5 ദിവസങ്ങളാണ്.
കൃത്യമായി
29 ദിവസം 12 മണിക്കൂര്‍ 44 മിനുട്ട് 3 സെക്കന്‍റ്.
അതായത് 29.530588 ദിവസങ്ങള്‍ ) അതിനാല്‍
ചന്ദ്രവര്‍ഷം
354 ദിവസങ്ങളും, 8 മണിക്കൂറുകളും , 48 മിനുട്ട് 34 സെക്കന്‍റ് ആണ്. (354.367056 ദിനങ്ങള്‍)
അതിനാലാണ് ഗ്രിഗോറിയന്‍ വര്‍ഷവും ഹിജ്റവര്‍ഷവും തമ്മില്‍ 11 ദിവസങ്ങളുടെ വ്യത്യാസം വരുന്നത്.
ഖുര്‍ ആനിക അദ്ധ്യായം അല്‍ കഹഫിലെ 25ാം വചനം അതിന് സൂചനല്‍കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.
🔅وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا
അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു.
18-Al-Kahf : 25
അതായത് 300 ഗ്രിഗോറിയന്‍ വര്‍ഷങ്ങള്‍ക്ക് 309 ചാന്ദ്രവര്‍ഷം സമമാണെന്ന് സാരം.
എന്തായാലും ചന്ദ്രന്‍റെ വൃദ്ധിക്ഷയത്തെ അടിസ്ഥാനമാക്കിയുള്ള ഹിജ്റീ കലണ്ടറും ഭൂമിയുടെ പരിക്രമണകാലത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രിഗോറിയന്‍ കലണ്ടറുമാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.
ഇതില്‍ ഇസ്ലാമിക അനുഷ്ടാനങ്ങള്‍ക്ക് അവലംബം ഹിജ്റീ കലണ്ടര്‍ തന്നെയാണ്. വ്രതാരംഭം, ഹജ്ജ് കര്‍മ്മം തുടങ്ങിയ സമയബന്ധിതമായ കര്‍മ്മങ്ങള്‍ കൃത്യതയോടെ അനുഷ്ടിക്കാന്‍ ദിന-മാസാദികള്‍ കൃത്യമായിരിക്കണം. മാസങ്ങളുടെ മാറ്റിവെപ്പും കണിശതക്കുറവും നിഷേധികളുടെ ചെയ്തികളാണെന്നും ഖുര്‍ ആന്‍ പറയുന്നു.
🔅إِنَّمَا ٱلنَّسِىٓءُ زِيَادَةٌ فِى ٱلْكُفْرِ ۖ
മാസം മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ് തന്നെയാകുന്നു.(9/37)
എന്നിട്ടും ശാസ്ത്ര സത്യങ്ങളേയും ഖുര്‍ ആനിക മൂല്യങ്ങളെയും നിരാകരിച്ച് , 'കണക്കിന്' ഇസ്ലാമിക കാലഗണനയില്‍ ഒരുസ്ഥാനവും ഇല്ലെന്നും, ശാസ്ത്ര പുരോഗതിയും ശാസ്ത്രാവബോധവും കുറഞ്ഞ കാലഘട്ടത്തിലുണ്ടായിരുന്ന നിഗമനങ്ങളും നടപടിക്രമങ്ങളും അന്ധമായി അനുകരിക്കുക മാത്രമാണ് 'ഇസ്ലാമിക രീതി' എന്ന് പ്രഘോഷിക്കുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ 'ഐക്യമെന്ന പ്രഹസന വേഷം കെട്ടുന്നതും' കഷ്ടമാണ്
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!