HILAL

മാസപ്പിറവി 5

F
Fasalullah Hussain
Published on June 14, 2026

ഖുര്‍ആനിക ദിനാരംഭം എപ്പോള്‍ ❓
▪️🔅🔅🔅♾️🔅🔅🔅▪️

വേദത്തില്‍ നിന്നും 
നാം ആര്‍ജിക്കുന്ന ഓരോ കാര്യവും കൂടുതല്‍ സംസ്കരണപ്രദാനമാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. 

പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നമ്മേ ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ പ്രചോദനമാകണം.

വിശകലന വിഷയം ഖഗോള ചലനങ്ങളെ ആസ്പദമാക്കി വ്രതകാല നിര്‍ണ്ണയത്തിന്‍റെ സൂക്ഷ്മതയും ക്ലിപ്തതയും ഉറപ്പ് വരുത്തലാണ്.

ചാന്ദ്രിക മാസനിര്‍ണ്ണയം, അമാവാസിക്ക് ശേഷമുള്ള  നവചന്ദ്രക്കലയുടെ പിറവി സാക്ഷീകരിക്കുന്നതിലൂടെയാണ്. സാക്ഷീകരണം കാഴ്ചയിലൂടെയും ഉള്‍കാഴ്ചയിലൂടെയും ആകാമെന്ന് ''ശഹിദ''യുടെ വിശകലനത്തില്‍ നിന്നും മനസിലാക്കാം. സൂക്ഷ്മാലുക്കളുടെ ബോധ്യം ഉള്‍കാഴ്ചക്കനുസൃതമായിരിക്കും. അതായത് മറഞ്ഞ ദൈവത്തെ നാം സാക്ഷീകരിക്കുന്നപ്രകാരം തന്നെ ,മാസപ്പിറവിയും  ഗണിത-ഗോളശാസ്ത്ര നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള സുബോധ്യത്തിലാകുന്നതാണ് ഉത്തമം.
 വ്രതം റമളാന്‍ മാസം മുഴുവനാണെന്നും വ്രതരാവുകളിലെ ഭക്ഷണ- ലൈഗീകമേളന സൗകര്യം അല്‍ലാഹു നല്‍കിയ ഇളവുകള്‍ മാത്രമാണെന്നും 2/187 വ്യക്തമാക്കുന്നുണ്ട്.

ഇസ്ലാമിക ദിനാരംഭം എപ്പോഴാണ് എന്നതും വിശകലന വിധേയമാക്കേണ്ടതാണ്. ചിലര്‍ ഗ്രിഗോറിയന്‍ ദിനസങ്കല്‍പം പോലെ അര്‍ദ്ധരാത്രിയാണെന്നും ചിലര്‍ ഉച്ചമുതലാണെന്നും വേറെ ചിലര്‍ പ്രഭാതം മുതലാണെന്നും വാദിക്കുമ്പോള്‍ പരമ്പരാഗത ശൈലി സ്വീകരിക്കുന്ന ഭൂരിപക്ഷം സൂര്യാസ്തമയമാണെന്ന് സമര്‍ത്ഥിക്കുന്നു.

അതിനുള്ള  ന്യായവാദങ്ങള്‍ സംശോധനാവിധേയമാക്കേണ്ടതാണ്. കൃത്യമായ എതിര്‍വാദം സലക്ഷ്യം ബോധ്യമായാല്‍ തിരുത്തേണ്ടതുമാണ്. സത്യം സത്യമായി ഗ്രഹിക്കാന്‍ നാഥാ തുണക്കേണമേ..

1️⃣ ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആപ്ത വാക്യമായ لاَ إِلَهَ إِلاَّ الله (ദൈവമായി ആരും തന്നെ ഇല്ല,അല്‍ലാഹു അല്ലാതെ) എന്നത് തന്നെ നിഷേധത്തില്‍ നിന്നും സത്യത്തിന്‍റെ ഉള്‍ചേരലിലേക്കാണ്. അത് വേദത്തിന്‍റെ ശൈലിയാണ്. ഇല്ലായ്മയില്‍ നിന്ന് ഉണ്‍മയിലേക്കുള്ള പ്രയാണം.
 
2️⃣ വ്രതം രാപ്പകലാണെന്നതും  ദിവസമെന്നത് ചാക്രികമാണെന്നതും പ്രാഥമിക സത്യമാണ്. വ്രത പൂര്‍ത്തീകരണം രാത്രിയിലേക്കാണെന്ന് ഖുര്‍ ആന്‍ സാക്ഷീകരിക്കുന്നു. രാത്രിയുടെ സമാരംഭം സൂര്യാസ്തമയം മുതല്‍ക്കുമാണ്. ആയതിനാല്‍ ۖ  ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ (വ്രതം രാത്രിയിലേക്ക് പൂര്‍ത്തികരിക്കുക) എന്ന ഖുര്‍ ആനിക ശാസന സന്ധ്യയാണ് ദിനാരംഭം എന്നതിന് തെളിവാണ്.

3️⃣ രാത്രി (ലൈല്‍ ) പകല്‍ (നഹാര്‍) എന്നീ പദങ്ങള്‍  സമീപസ്ഥമായി  ( ٱلَّيْلِ وَٱلنَّهَارِ) എന്ന രൂപത്തില്‍ നാല്‍പതിലധികം തവണ ഖുര്‍ ആനില്‍  ആവര്‍ത്തിച്ച് വന്നത് പരിശോധിച്ചാല്‍ രാത്രിതന്നെയാണ് ഭാഷാശൈലി പ്രകാരം ആദ്യം വന്നതെന്നും തെളിവായി ഉദ്ധരിക്കുന്നു.

▪️إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
3-Al Imran : 190

4️⃣ വേദലക്ഷ്യം തന്നെ അന്ധകാരത്തില്‍ നിന്നും നേരിന്‍റെ വെള്ളിവെളിച്ചത്തിലേക്കാണ്. لاَ إِلَهَ إِلاَّ الله എന്നത് പോലെ. ''തമസോമഃ ജ്യോതിര്‍ഗമയഃ....'' എന്നതാണ് മറ്റൊരു  വേദാന്ത  സാക്ഷ്യം.
ۚ ▪️كِتَٰبٌ أَنزَلْنَٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
 മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌.
14-Ibrahim : 1

5️⃣ മനുഷ്യ ജന്മവും പുനരുത്ഥാനവും നോക്കുക .ഗര്‍ഭാശയാന്ധകാരത്തില്‍ നിന്നും ഭൗതീകലോകത്തിന്‍റെ വര്‍ണ്ണപ്രപഞ്ചത്തിലേക്കാണ് ജനനം.
▪️...يَخْلُقُكُمْ فِى بُطُونِ أُمَّهَٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَٰتٍ ثَلَٰثٍ 
''മാതാവിന്‍റെ ഉദരത്തില്‍  സൃഷ്ടി ഘട്ടത്തിന് ശേഷം സൃഷ്ടിയായി മൂന്ന് തരം അന്ധകാരങ്ങളില്‍...'' എന്ന പ്രയോഗം കാണുക.

 6️⃣  സല്‍കര്‍മ്മ നിരതമായ ജീവിതത്തിനൊടുവില്‍ മരണം തിരശീലവിരിച്ചാല്‍ ''ബര്‍സഖിന്‍റെ'' ഇരുള്‍മുറ്റിയ ലോകത്ത് നിന്ന് സ്വര്‍ഗ്ഗത്തിന്‍റെ പ്രോജ്വലതയിലേക്ക് നയിക്കപ്പെടുന്നു എന്നതും മറ്റൊരു സാക്ഷ്യം തന്നെ.

7️⃣ ആദ്യ നമസ്കാരം ഏതാണെന്ന ഖുര്‍ ആനിക ചോദ്യത്തിന്‍റെ ഉത്തരം 17/78 പ്രകാരം സന്ധ്യാനമസ്കാരം തന്നെയല്ലേ?
▪️أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا
സൂര്യന്‍ അസ്തമിക്കുന്നത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെയുള്ള സമയങ്ങളില്‍ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും  തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.  17-Al-Isra : 78

8️⃣ രാത്രിയെ വിശ്രമവേ ളയായും പകലിനെ ജീവിതസന്ധാരണത്തിനുള്ള സമയമായും  നിജപ്പെടുത്തിയെങ്കില്‍ രാത്രിതന്നെയാണ് പകലിന്‍റെ മുന്നോടി.

▪️وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും പകല്‍ സമയത്ത്‌ അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.
28-Al-Qasas : 73

 ഇവയില്‍ രണ്ടാമതായി  പരാമര്‍ശിച്ച ന്യായീകരണം തന്നെ
ഖുര്‍ ആനികമായി ദിനാരംഭം സൂര്യാസ്തമനം മുതലാണെന്നും വ്രതം രാവും പകലും ഉള്‍ചേര്‍ന്ന്  റമളാന്‍ മാസം മുഴുവനാണെന്നും ഖുര്‍ ആന്‍ സാക്ഷീകരിക്കുന്നു. രാത്രിഭക്ഷണവും ഇണകളുടെ സംഗമ സ്വാതന്ത്ര്യവും ദൈവീക ഇളവുകള്‍ മാത്രവും.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!