HILAL

മാസപ്പിറവി 8

F
Fasalullah Hussain
Published on June 14, 2026

ഖുര്‍ ആനിക ഹിലാല്‍ എന്താണ് ❓
🔅🔅🔅▪️▪️▪️🔅🔅🔅

മാസപ്പിറവിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിഷയിഭവിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നായ (ٱلْأَهِلَّة) അഹില്ല:ത്താണ്  വിശകലനത്തിന് വിധേയമാക്കുന്നത്. ٱلْأَهِلَّة ഖുര്‍ ആനികമായി 'ചന്ദ്രക്കല'കളാണോ..?

പ്രവാചക കാലത്ത് തന്നെ സമൂഹത്തിന്‍റെ ചില സന്ദേഹങ്ങള്‍ പതിനഞ്ചോളം തവണ ഖുര്‍ ആനില്‍ തന്നെ يَسْـَٔلُونَكَ (അവര്‍ നിന്നോട് ആരായുന്നു) എന്ന രീതിയില്‍ വന്നിട്ടുണ്ട്. അതില്‍ പ്രഥമ ചോദ്യം 2/189 ല്‍ ‍ٱلْأَهِلَّة (അല്‍ അഹില്ല:ത്) നെ കുറിച്ചാണ്.
🔅يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
(നബിയേ,) നിന്നോടവര്‍ 'അഹില്ലത്തി' നെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജിനും  കാല നിര്‍ണയത്തിനുള്ള സൂചകങ്ങള്‍ അവയിലുണ്ട്. നിങ്ങള്‍
 അല്‍ ബൈത്തിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത് പ്രത്യുത സൂക്ഷ്മതയാണ്. നിങ്ങള്‍ ബൈതുകളില്‍  അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.
2-Al-Baqara : 189

ഇവിടെ പാരമ്പര്യ പരിഭാഷ പ്രകാരം ചന്ദ്രക്കലകളെ കുറിച്ചുള്ള അന്വേഷണമാണ്. പതിനാല് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജനങ്ങള്‍ ഇതേ പ്രമേയത്തെ കുറിച്ച് ചോദിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്.ہ ل ل എന്ന ധാതുവില്‍ നിന്നും നിഷ്പന്നമായ ഈ പദം അഞ്ച് തവണ രണ്ട് വിഭിന്നരൂപങ്ങളില്‍ മാത്രമാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഭാഷാപരമായി اِہْلَالٌ
(ഇഹ്‌ലാൽ) യഥാർത്ഥത്തിൽ ശബ്ദം ഉയർത്തുക എന്നാണ് അര്‍ത്ഥമാക്കുന്നത്.
മാസപ്പിറവി കാണുമ്പോൾ ജനങ്ങള്‍ ഉയർന്ന ശബ്ദം ഉണ്ടാക്കുമായിരുന്നു. അതിനാല്‍ ശബ്ദമുഖരിതമാക്കുക എന്ന പ്രാഥമികവും പദാര്‍ത്ഥതലവുമായ അര്‍ത്ഥത്തില്‍ നിന്നും ചന്ദ്രക്കല എന്ന ഉദ്ദേശ്യാര്‍ത്ഥം  ہِلَال ന്  ചാര്‍ത്തപ്പെട്ടു എന്ന് ഭാഷാപണ്ഡിതന്മാര്‍ വിലയിരുത്തുന്നു. اَلْہِلَالُ  (അൽ-ഹിലാൽ) എന്നത് ചന്ദ്രമാസത്തിലെ  ആദ്യത്തെയും രണ്ടാമത്തെയും ദിവസം ദര്‍ശിക്കുന്ന ബാലചന്ദ്രന്റെയോ   ചാന്ദ്രിക കലണ്ടറലെ അവസാന നാളുകളിലെ  ചന്ദ്രന്റെയും (28 / 29-ാം നാള്‍) പേരുകളായി പരാമർശിക്കപ്പെടുകയും ചെയ്യുന്നു.

അല്‍ ബഖറയിലെ 189ാം സൂക്തം പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ട പരിഭാഷയാണ് അധികപേരും നല്‍കിയിട്ടുള്ളത്.

 സൂക്തത്തിലെ മറ്റൊരു പ്രമേയം ٱلْبُيُوت (അല്‍ ബൈത്ത)ലുള്ള പ്രവേശന രീതിയാണ്. ഖുര്‍ ആനികമായി ٱلْبُيُوت വേദമാണ്. വേദത്തോടുള്ള സമീപനരീതി ഏത് രീതിയില്‍ ആയിരിക്കണം എന്നതാണ് യഥാര്‍ത്ഥ പ്രമേയം. ഒരിക്കലും അത് ظاهر(ളാഹിര്‍) - ബാഹ്യവും സങ്കുചിതവും ഉപരിപ്ലവ വുമായ) രീതിയല്ല. അത്തരം പരിമിതാര്‍ത്ഥ രീതി  അവലംബിക്കുന്നതിനേക്കാള്‍ പുണ്യവും സ്രേഷ്ടവും ''ആന്തരീകരും ആശയസംപുഷ്ടവുമായ അറിവിന്‍റെ വാതായനങ്ങളിലൂടെ പ്രവേശിക്കലാണ്'' എന്ന് ബോധ്യപ്പെടുത്തലാണ് സൂക്ത ലക്ഷ്യം. അതാണ് സൂക്ഷ്മതയുടെ പാത. 

ഖുര്‍ ആന്‍  ‍ہلل (ഹലല) എന്ന പദപ്രയോഗം മൃഗങ്ങളെ അറുക്കുന്നതുമായ വിഷയത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അല്‍ലാഹുവിന്റെ  നാമത്തിൽ അല്ലാതെ ബലിനല്‍കപ്പെടുകയോ അര്‍പ്പിക്കപ്പെടുകയോ,അറുക്കുകയോ ചെയ്യുന്ന എന്തും നിഷിദ്ധമാണെന്ന് വേദം  വ്യക്തമാക്കുന്നുണ്ട്. ഹജ്ജ് വിഷയത്തിലും മറ്റും അനിവാര്യ ഘട്ടത്തില്‍ പ്രായശ്ചിത്തമായി പറഞ്ഞ മൃഗബലി നടത്തുമ്പോഴും ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ അറവ് നടത്തുമ്പോഴും ദൈവീക നാമം  പ്രഘോഷിക്കേണ്ടതാണ്. 
 2:173 ല്‍  وَمَا اُهِلَّ بِهِ لغَیْرِ اللَّٰهِ എന്നും 16/ 115, 5/3 എന്നീ സൂക്തങ്ങളില്‍  وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ എന്നും 6/145 ല്‍ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ എന്നും വന്നത് ഏതൊക്കെ ഭക്ഷണങ്ങളാണ് വിശ്വാസികള്‍ക്ക് വിരോധിതമായതെന്ന് വ്യക്തമാക്കാനാണ്. ഈ നാല് സൂക്തങ്ങളിലുംവന്നിട്ടുള്ള  أُهِلَّ (പ്രഘോഷണം) ഭാഷാപരമായി ہ ل ل യില്‍ നിന്നും നിഷ്പന്നമായതാണ്.
 🔅قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
6-Al-An'am : 145

ഖുർആനിൽ അല്‍ലാഹു അല്ലാതെ മറ്റാർക്കെങ്കിലും സമർപ്പിക്കപ്പെട്ടതെല്ലാം നിഷിദ്ധമാണ്. ഖുർആനനുസരിച്ച് അല്ലാഹുവിന്‍റെത് ഒഴികെയുള്ള മറ്റേതൊരു ആശയവും പ്രത്യയശാസ്ത്രവും ഒരു  വിശ്വാസിക്ക് (ശിര്‍ക്ക്) പരദൈവസമര്‍പ്പണമാണ്. എന്തുകൊണ്ടാണ് ഈ വിലക്ക് ഖുർആനിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത് എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.  ഉദാഹരണത്തിന്, ആട്  മനുഷ്യ ഉപഭോഗത്തിന് (ഭോജനത്തിന്) അനുവദനീയമായ മൃഗമാണ്, എന്നാൽ അത് അല്ലാഹു അല്ലാത്ത മറ്റൊരാൾക്ക് സമർപ്പിക്കപ്പെട്ടതിനാൽ അത് നിഷിദ്ധമാണ്. ഭക്ഷണം, അത് ശുദ്ധവും അനുവദനീയവും ആണെങ്കിലും, അത് അല്ലാഹു അല്ലാത്തവർക്ക് സമർപ്പിക്കപ്പെട്ടതിനാൽ നിഷിദ്ധമായിത്തീരുന്നു. അത്തരമൊരു സമർപ്പണത്തിൽ ശിർക്ക് പ്രതിഫലിക്കുന്നതിനാൽ, അത് അല്ലാഹുവിന്റെ ഏകത്വം എന്ന ആശയത്തിന് എതിരാണ്.  ശിർക്കിന്റെ നിഴലിൽ നിന്ന് വിശ്വാസികള്‍ മുക്തമാക്കാൻ ഖുര്‍ ആൻ ആഗ്രഹിക്കുന്നു, കാരണം ശിർക്ക് സ്വതന്ത്രവും സ്വേച്ഛാശക്തിയുള്ളതും  മനുഷ്യന്റെ സ്വയം തരംതാഴ്ത്തുന്നതിലേക്കും ഇകഴ്തലിലേക്കും  നയിക്കുന്നു.
 
അതിനാല്‍ ہِلَال (ഹിലാല്‍) ഖുര്‍ ആനിക ഭൂമികയില്‍ വീക്ഷിക്കുമ്പോള്‍ ഒരു പ്രഘോഷണമാണ്. ദൈവീക ഏകത്വത്തിന്‍റെ പ്രഖ്യാപനമാണ്. അതിന്‍റെ  സംസ്ഥാപന മാര്‍ഗ്ഗവുമായ ഖുര്‍ ആനിക ഹജ്ജിന്‍റെയും അത്തരത്തിലുള്ള സകല പ്രവര്‍ത്തനങ്ങളുടെയും വേദവാതായനങ്ങള്‍ തുറന്ന് ആശയങ്ങള്‍ പ്രഘോഷിക്കുന്ന  കാലവും സമയവും ക്ലിപ്തപ്പെടുത്തുന്ന പ്രാപഞ്ചിക സൂചികയുടെ പ്രഖ്യാപനവും കൂടിയാണ്.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!