HILAL

മാസപ്പിറവി 9

F
Fasalullah Hussain
Published on June 14, 2026

മാസപ്പിറവി മാറ്റി നിശ്ചയിക്കാമോ..?
🔅▪️▪️▪️▪️▪️▪️▪️🔅

മാസപ്പിറവിയുടെ വിവിധ വശങ്ങള്‍ ഖുര്‍ ആനികമായി വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്.

മാസപ്പിറവി പണ്ഡിതസമൂഹത്തിന് വിഷയീഭവിക്കുന്നത് കേവലം മൂന്നോ നാലോ മാസങ്ങളില്‍ മാത്രമാണ്. നോമ്പും പെരുന്നാളും ഹജ്ജും ഉറപ്പിക്കുന്നതിന്. ഇവ  മാത്രമാണോ സമയബന്ധിതമായി കണക്കാക്കേണ്ടത്..?
 നമസ്കാര സമയങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്തി അനുവര്‍ത്തിക്കുന്നവര്‍, സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ ലോകത്തെവിടെ സംഭവിച്ചാലും കാലമോ ദേശമോ സമയമോ  ''മത'ലഅ്'' മാറ്റമോ പരിഗണിക്കാതെ പ്രാര്‍ത്ഥനകള്‍  ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്നവര്‍ 
''മാസപ്പിറവി'' നിര്‍ണ്ണയത്തില്‍ മാത്രം ശാസ്ത്രീയതയോട്  വിമുഖത പ്രകടിപ്പിക്കുന്നതിലെ യുക്തിരാഹിത്യം എന്ത് കൊണ്ടാണ്?

കാല നിര്‍ണ്ണയം ചാന്ദ്രിക ചലനത്തെ അടിസ്ഥാനമാക്കുമ്പോള്‍ എല്ലാ മാസങ്ങളും കൃത്യവും കണിശവുമായി ആരംഭിക്കേണ്ടതാണ്.
ചാന്ദ്രിക വര്‍ഷം 354.37 ദിനങ്ങള്‍ ചേര്‍ന്നതും ചാന്ദ്രിക മാസം 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ ചേര്‍ന്നതുമാണ്. 
മാസങ്ങളുടെ എണ്ണം പ്രപഞ്ചോല്‍പത്തി മുതല്‍ പന്ത്രണ്ടാണെന്നും വേദം നിഷ്കര്‍ഷിക്കുന്നു.
🔅إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. (9 : 36)

അതുപോലെ മാസങ്ങളുടെ പിറകോട്ടുള്ള മാറ്റിവെപ്പ് നിഷേധത്തിന്‍റെ പാരമ്യതയാണെന്നും ഖുര്‍ ആന്‍ പറയുന്നു. 
🔅إِنَّمَا ٱلنَّسِىٓءُ زِيَادَةٌ فِى ٱلْكُفْرِ ۖ 
പവിത്രമാക്കപ്പെട്ടമാസം പിറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ് തന്നെയാകുന്നു. (9 : 37)

 അതുപോലെ കാലഗണനക്കും ഹജ്ജ്, വ്രതം തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളുടെ കൃത്യതക്കും മാസാരംഭത്തിന്‍റെ കൃത്യതയാര്‍ന്ന ഗണനം നിര്‍ബന്ധമാണ്.
ശാസ്ത്ര പുരോഗതിക്കനുഗുണമായി പലവിഷയങ്ങളിലും കാലോചിത മാറ്റം സമൂഹം ഉള്‍ക്കോണ്ടിട്ടും ചില വിഷയങ്ങളില്‍ മാത്രം അന്ധവിശ്വാസ ജന്യമായ കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നത് എന്തിന് വേണ്ടിയാണ്..? 
ഈ വിഷയത്തില്‍ ആധാരമാക്കുന്ന ഒരു ''പ്രവാചക വചനം'' കാണുക.
▪️لقول النبي ﷺ: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون

പ്രവാചകൻ  പറഞ്ഞു: നോമ്പ് നിങ്ങൾ നോമ്പെടുക്കുന്ന ദിവസമാണ്, (ഈദ്)അൽ-ഫിത്ർ നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ്, (ഈദ്)അൽ-അദ്ഹ നിങ്ങൾ ബലിയർപ്പിക്കുന്ന ദിവസമാണ്.

പെരുന്നാള്‍ ''നിങ്ങളോടൊപ്പം'' എന്ന് പറയുന്നവര്‍ ഏതാണ് ഈ ''നിങ്ങള്‍'' എന്നുകൂടി വ്യക്തത വരുത്തേണ്ടതാണ്.
 പ്രാദേശികമായോ , ഭൂമിശാസ്ത്ര-രാഷ്ട്രീയ അതിര്‍വരമ്പുകള്‍ വെച്ചോ  ദൂതനോ,- വേദമോ ഏതെങ്കിലും  അനുഷ്ഠാനപരമായ കാര്യം പ്രഖ്യാപിച്ചിട്ടുണ്ടോ..?

ഈ വചനം ഖുര്‍ ആനിക യാഥാര്‍ത്ഥ്യത്തോട് സമരസപ്പെടുന്നുണ്ടോ എന്ന് ആദ്യം സംശോധനക്ക് വിധേയമാക്കേണ്ടതാണ്. യോജിക്കുന്നില്ല എങ്കില്‍ ''വ്രതം നിങ്ങള്‍ വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് '' എന്ന് പ്രവാചകന്‍ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത് എന്ന് ചിന്തിക്കേണ്ടതാണ്.

ഈ പ്രസ്താവന മൂന്ന്  വിധത്തില്‍ വിലയിരുത്തപ്പെടാം.

1) നോമ്പ്, പെരുന്നാള്‍, ഹജ്ജ്, അ'റഫ തുടങ്ങിയവ യാതൊരു പ്രാധാന്യവും ഇല്ലാത്തതാണെന്നും നിങ്ങളുടെ സ്വേഛക്കനുസരിച്ച് ഈ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ് എന്നുമുള്ള നിഷേധാത്മകമായ ശൈലിയാണോ പ്രവാചക വചനം ഉദ്ദേശിക്കുന്നത്.

2) ഇത്തരം വിഷയങ്ങളില്‍  ശാസ്ത്രവിജ്ഞാനീയമായ അറിവ് നിങ്ങള്‍ക്കാണെന്നും അതിനാല്‍ നിങ്ങള്‍ക്ക് വേദത്തിന്‍റെ സത്തചോരാതെയുള്ള നിഗമനങ്ങള്‍ സ്വീകരിക്കാമെന്നുമുള്ള രീതി. അതായത് ഈന്തപ്പനയുടെ പരപരാഗണവിഷയത്തില്‍ പ്രവാചകന്‍റെ ആദ്യനിര്‍ദ്ദേശം പ്രാവര്‍ത്തിക അനുഭവവുമായി ഭിന്നിച്ചപ്പോള്‍ പ്രവാചകന്‍ നിലപാട് വ്യക്തമാക്കിയത് പോലെ. അത്തരം സ്വതന്ത്രവും യുക്തിപൂര്‍ണ്ണവുമായ  നിലപാടായിരിക്കുമോ  ദൂതന്‍ നടപ്പിലാക്കിയത്.

3) ഇന്നുള്ള കേരളീയ പണ്ഡിതര്‍ കരുതിയത് പോലെ പ്രാദേശിക നിഗമനങ്ങളനുസരിച്ച്  ഐക്യരൂപ്യമില്ലാത്ത, സങ്കുചിത താല്‍പര്യം മുന്‍നിര്‍ത്തി, യാഥാര്‍ത്ഥ്യങ്ങളോട് യാതൊരു പൊരുത്തവുമില്ലാത്ത  വിഭാഗീയ ചിന്തയാണോ പ്രവാചകന്‍ കല്‍പിച്ചത്.? 

പ്രവാചകന്‍ വിശാലമനസ്ഥിതിയും ദീര്‍ഘവീക്ഷണവും വേദവിജ്ഞനത്തില്‍ അവഗാഹവുമുള്ള വ്യക്തിയാണ്. അദ്ദേഹം ഒരിക്കലും ആചാരാനുഷ്ഠാനങ്ങളെ അവഗണനാഭാവത്തില്‍ കാണുകയോ, വേദജ്ഞാനമില്ലത്തവരുടെ ജല്‍പനങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കുകയോ ഇല്ല. ഒരിക്കലും യുക്തി 
രഹിതമായി ഒന്നും പറയില്ല എന്ന ദൃഢബോധ്യത്തില്‍ ഉള്‍കൊള്ളുക. രണ്ടാമത്തെ വിലയിരുത്തലായിരിക്കും ആ ''പ്രവാചക വചനം'' സത്യമാണെങ്കില്‍ യാഥാര്‍ത്ഥ്യം.

ദുല്‍ ഹിജ്ജ മാസപ്പിറവി വിഷയത്തില്‍ പാരമ്പര്യ വാദക്കാര്‍ യാഥാര്‍ത്ഥ്യത്തെ മിഥ്യാവല്‍ക്കരിക്കുന്നതും വികലവിശ്വാസത്തിലേക്ക് ആപതിക്കുന്നും രണ്ട് വിധത്തിലാണ്.
ഹജ്ജുമായി ബന്ധപ്പെട്ട് അറഫസംഗമത്തില്‍ പങ്കെടുക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലക്കാണ് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത 'അറഫാവ്രതം' അവര്‍  ആചരിക്കുന്നത്. ''അറഫ'' എന്നത് തീര്‍ത്തും ഹജ്ജിന്‍റെ പ്രധാന ഘടകവും. അത് പ്രാദേശികമേയല്ല എന്നതും ഏവര്‍ക്കും അറിയാം. 

  ഒരു വിഭാഗം ചിരകാലമായി അനുവര്‍ത്തിക്കുന്ന അതേ രീതിയില്‍  അറഫ നോമ്പും പെരുന്നാളും പ്രാദേശികമായി നടത്തുന്നു. മറ്റൊരു വിഭാഗമാകട്ടെ അറഫാ വ്രതം അവരോടൊപ്പവും പെരുന്നാള്‍ പ്രാദേശിക മാസപ്പിറവിക്ക് അനുസരിച്ചും ആചരിക്കുന്നു. ഈ വികല രീതി  കേരളക്കരയിലെ ചില ഉല്‍പതിഷ്ണുക്കളുടെ നവീന വിചിത്രവാദമാണ്.

വിചിത്രവും വികലവുമായ ആചാരങ്ങളാല്‍  പരിഹാസ്യരും അപഹാസ്യരും ആകുന്നത് ആരാണ് ?
പ്രമാണബന്ധിതമല്ലാത്ത ആചാരം കൊണ്ട് 
ആര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്? ചിന്തിക്കുക .

ഈ വര്‍ഷം വ്രതാരംഭവും ഈദുല്‍ ഫിത്റും യഥാര്‍ത്ഥ കാലഗണനക്ക് വിരുദ്ധമായി ആചരിച്ചവര്‍ ദുല്‍ഹിജ്ജ മാസപ്പിറവിയും തെറ്റിച്ചിരിക്കുകയാണ്.
അമാവാസി സംഭവിച്ചത് ബുധനാഴ്ച രാവിലെ 2.58 U.T (പ്രാദേശിക സമയം രാവിലെ 8.22am) നാണ് സംഭവിച്ചത്. അതാണല്ലൊ ചന്ദ്രികമാസ മാറ്റത്തിന് നിദാനം.  പ്രാദേശികമായി(കോഴിക്കോട്) നോക്കിയാല്‍ സൂര്യന്‍ 6.53നും ചന്ദ്രന്‍ 7.16 നുമാണ്. അതായത് സൂര്യാസ്തമയത്തിന് ശേഷം 23 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. 
എന്നിട്ടും നഗ്നനേത്ര ദര്‍ശനം വേണമെന്ന് ശഠിക്കുന്നവര്‍ കണ്ടില്ല എന്ന് പറയുന്നതും സൗദിഅറേബ്യ പോലുള്ള രാജ്യക്കാര്‍ കണ്ടു എന്ന് പറയുന്നതും ഏത് നിലാവിനേയാണ്.?.ദുല്‍ഹിജ്ജ ഒന്നാം നാളിന്‍റെ നിലാവിനെയാണല്ലോ.
നിങ്ങള്‍ നിങ്ങളുടെ പരിമിതികള്‍ കൊണ്ട് കണ്ടില്ല എന്നതുകൊണ്ട് ആ നിലാവ് ഇല്ല എന്ന് ഉറപ്പിക്കുന്നതിന്‍റെ യുക്തി എന്താണ് ?
മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാകുന്നത് നിങ്ങള്‍ മാത്രമല്ല,പവിത്രമായ വേദവും വിശ്രുതനായ ദൂതനും കൂടിയാണ് ,വേദാനുസാരിയായ ഒരു പ്രത്യയശാസ്ത്രം കൂടിയാണെന്നത് ഓര്‍ക്കുക.

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!